local

കൊല്ലം: തകരാറുകളും മാറ്റി, പുതിയതുമെത്തി, പുനലൂർ പട്ടണം വീണ്ടും സി.സി ടി.വി കാമറയുടെ നിരീക്ഷണത്തിലേക്ക്. പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകൾ പോസ്റ്റുകൾ ഒടിഞ്ഞും കേബിളുകൾ പൊട്ടിയും മാസങ്ങളായി തകരാറിലായിരുന്നു. ടൗണിലെ കെ.എസ്.ആർ.ടി.സി, പോസ്റ്റ് ഓഫീസ് ജംഗ്ഷൻ അടക്കമുള്ള കേന്ദ്രങ്ങളിലായിരുന്നു 5 കാമറകൾ സ്ഥാപിച്ചിരുന്നത്.

ടൗണിലെ വാഹനാപകടങ്ങൾ, മോഷണം, ഗതാഗതക്കുരുക്ക് തുടങ്ങിയവ നിരീക്ഷിക്കാനായിരുന്ന സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് ഒന്നര വർഷം മുമ്പ് കാമറകൾ സ്ഥാപിച്ചത്. പുനലൂർ പൊലീസ് സ്റ്റേഷനിലായിരുന്നു കാമറകളുടെ കൺട്രോൾ റൂം.

നേരത്തേ മാർക്കറ്റ് റോഡിലൂടെ കടന്ന് പോയിരുന്ന കേബിളുകൾ വൺവേ റോഡിലൂടെ മാറ്റി സ്ഥാപിക്കുന്നതിനൊപ്പം ചെമ്മന്തൂരിലെ ട്രാഫിക് ഐലന്റിൽ ഒരു കാമറകൂടി സ്ഥാപിക്കുന്നതോടെ പട്ടണം പൂർണമായും പൊലീസിന്റെ നിരീക്ഷണ വലയത്തിലാകും.