കൊല്ലം: യുവസംവിധായകൻ എ.വി. അരുൺ പ്രശാന്ത് ബൈക്കപകടത്തിൽ മരിച്ചു. കോയമ്പത്തൂർ മേട്ടുപാളയത്ത് വെച്ച് ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് സംവിധായകൻ മരിച്ചത്. കണ്ണൂർ സ്വദേശിയാണ്. അരുൺ ആദ്യമായി സംവിധാനം ചെയ്ത 4ജി എന്ന സിനിമ തീയേറ്റർ റിലീസിനായി കാത്തിരിക്കുകയായിരുന്നു.അതിനിടെയാണ് സംവിധായകന്റെ അപ്രതീക്ഷിത വേർപാട്.
നടൻ ജി.വി. പ്രകാശ് കുമാറാണ് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത്.
തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ ശങ്കറിന്റെ സംവിധാന സഹായി കൂടിയായിരുന്നു അരുൺ പ്രശാന്ത്. അരുണിന്റെ അപ്രതീക്ഷിതമായ വേർപാടിൽ സംവിധായകൻ ശങ്കർ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്റെ മുൻ സഹസംവിധായകനും യുവ സിനിമാ പ്രവർത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു' അദ്ദേഹം കുറിച്ചു.
അരുൺ സംവിധാനം ചെയ്ത 4ജി 2016ൽ ചിത്രീകരണം തുടങ്ങിയ സിനിമയായിരുന്നു. വിവിധ സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്. സിനിമയിൽ ഗായത്രി സുരേഷും സതീഷുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വേൽരാജാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.