ന്യൂഡൽഹി: ഭാവി കലാകാരൻമാരെ വളർത്തിയെടുക്കാനും കുട്ടികൾക്ക് കലയോട് താത്പര്യം ഉണ്ടാക്കാനും ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കലാസംയോജിത പ്രോജക്ടുമായി സി.ബി.എസ്.ഇ വരുന്നു. മറ്റൊരു സംസ്ഥാനത്തെ കലയെപ്പറ്റി ഉൾപ്പെടെ ആധികാരികമായി പഠിപ്പിക്കുകയാണ് ലക്ഷ്യം. ദൃശ്യ, സ്റ്റേജിന കലാരൂപങ്ങളുടെ പ്രോജക്ടുകൾ കുട്ടികൾ തയ്യാറാക്കണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾക്ക് ഇത് നിർബന്ധമല്ല. പഠനം ആനന്ദപ്രദമാക്കാനും ഇന്ത്യയുടെ കലാസാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനുമാണ് പഠനം.
ഓരോ സംസ്ഥാനത്തിനും പങ്കാളിത്ത സംസ്ഥാനങ്ങളെ നിശ്ചയിച്ചു. കേരളത്തിന്റെ പങ്കാളി ഹിമാചൽപ്രദേശാണ്. കലാസംയോജിത പ്രോജക്ടുകളിൽ ഒന്ന് പങ്കാളിത്ത കലാരൂപങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകണം. കേരളത്തിലെ വിദ്യാർത്ഥികളുടെ ഒരു പ്രോജക്ട് ഹിമാചൽപ്രദേശിലെ ഏതെങ്കിലും കലാരൂപവുമായി ബന്ധപ്പെടുത്തിയുള്ളതായിരിക്കണം. പ്രോജക്ടുകൾ ഇന്റേണൽ വിലയിരുത്തലിന് പരിഗണിക്കും.വിഷയം പഠിപ്പിക്കുന്നവരും കലാദ്ധ്യാപകരും വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകണം. കലാ സംയോജിതപഠനം എന്നിവ റിപ്പോർട്ടുചെയ്യാൻ സ്‌കൂളുകൾക്കായി ഒരു പോർട്ടലും സി.ബി.എസ്.ഇ. ആരംഭിച്ചു. ഇതുസംബന്ധിച്ച് മാർഗരേഖയും ബോർഡ് പുറത്തിറക്കി.