ന്യൂഡൽഹി: പ്രധാനമന്ത്രി അറിയിച്ച കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടിയുടെ നാലാംഘട്ട പ്രഖ്യാപനം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് വൈകുന്നേരം നാലിന് നടത്തും. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലയിലെ കരുത്ത് വർദ്ധിപ്പിക്കാനും, വിപണിയെ ശക്തിപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങളാണ് ആദ്യഘട്ടമായി ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.
2021 മാർച്ച് 31 വരെ TDS, TCS നിരക്കുകൾ വ്യക്തിയുടെ വരുമാനത്തിൽ നിന്ന് ഈടാക്കുന്നത് 25% കുറയും.ഇത് മൂലം 50000 കോടി വരുമാനമുണ്ടാകും. ഇൻകംടാക്സ് അടക്കേണ്ട അവസാന തീയതി നവംബർ 30 ആക്കി അന്ന് സർക്കാർ പ്രഖ്യാപിച്ചു. ജീവനക്കാർക്ക് കൂടുതൽ ശമ്പളം കൈയിൽ ലഭിക്കാനും, ബിസിനസ് ചെയ്യുന്നവർക്കും തൊഴിലാളികൾക്കും സഹായത്തിന് ഇ.പി.എഫ് അടവ് മൂന്ന് മാസത്തേക്ക് കുറച്ചു.
കർഷകർക്ക് അഭിവൃത്തിക്കായി വായ്പാ സൗകര്യം, കുടിയേറ്റ തൊഴിലാളികൾക്ക് കൂടുതൽ റേഷൻ, ഗ്രാമങ്ങളിലെ ഗോത്രവിഭാഗങ്ങൾക്ക് കൂടുതൽ ജോലി, ചെറുകിട സംരംഭങ്ങൾക്ക് വായ്പാ സൗകര്യം ഇവ ധനമന്ത്രി രണ്ടാം ദിനം പ്രഖ്യാപിച്ച പാക്കേജിൽ ഉണ്ടായിരുന്നു. മൊത്തം 9.16 ലക്ഷം കോടിയുടെ പദ്ധതികളാണ് ഈ രണ്ട് ദിവസങ്ങളിലും ധനമന്ത്രി നടത്തിയത്.
മൂന്നാം ദിനമായ വെള്ളിയാഴ്ച കർഷകർക്ക് പരമാവധി ഉൽപന്നങ്ങൾക്ക് വില ലഭിക്കുന്നതിന് സഹായകമായ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ധനപരവും, നിയമനിർമ്മാണപരവുമായ പരിഷ്കാരങ്ങളാണ് അവ. കാർഷികമേഖലയിലെ പരാമ്പരാഗതമായ ആഭ്യന്തര വിപണന രീതികളുടെ പൊളിച്ചെഴുത്താണ് ഉദ്ദേശിച്ചായിരുന്നു ഈ പ്രഖ്യാപനങ്ങൾ. ഭക്ഷണ വിപണന ശൃംഖലയിലെ അടിസ്ഥാനസൗകര്യ വികസനവും ഇവയിലുണ്ട്.