pic

കൊച്ചി: കാത്തിരിപ്പ് അവസാനിക്കുന്നു. സംസ്ഥാനത്തെ ബംഗാളി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങുകയാണ്. എറണാകുളത്ത് നിന്നും ബംഗാളിലേക്കുള്ള ആദ്യ സ്‌പെഷ്യൽ ട്രെയിൻ സർവീസ് 24ന് യാത്ര തിരിക്കും. സംസ്ഥാനത്ത് നിന്നും ആകെ 29 സ്‌പെഷ്യൽ ട്രെയിനുകളാണ് ബംഗാളിലേക്ക് തൊഴിലാളികളുമായി കുതിക്കുക. ഒഡീഷയടക്കം തങ്ങളുടെ തൊഴിലാളികളെ സ്‌പെഷ്യൽ ട്രെയിൻമാർഗം നാട്ടിലെത്തിച്ചപ്പോഴും ബംഗാൾ സർക്കാർ ഇക്കാര്യത്തിൽ ഒരു തീരുമാനവും എടുത്തിരുന്നില്ല. ഇതോടെ, കേരളത്തിലെ ബംഗാളി തൊഴിലാളികളുടെ മടക്കം പ്രതിസന്ധിയിലായി. പലയിടത്തും തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ, കേന്ദ്ര സർക്കാർ ഇടപെടുകയും, വിഷയത്തിൽ ബംഗാൾ സർക്കാർ നിലപാട് മയപ്പെടുത്തുകയും ചെയ്തതോടെയാണ് തൊഴിലാളികളുടെ മടക്കത്തിന് വഴി തെളിഞ്ഞത്.

എറണാകുളത്ത് നിന്ന് രണ്ടാമത്തെ സ്‌പെഷ്യൽ ട്രെയിൻ 26നാണ് യാത്ര തിരിക്കുക. തുടർന്ന് ജൂൺ 6,7,14 തീയതികളിലും എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെടും. തലസ്ഥാനത്ത് നിന്നും രണ്ട് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കൊല്ലം 2, ആലപ്പുഴ 1, തിരുവല്ല 1,കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, തിരൂർ 5, പാലക്കാട് 1, കണ്ണൂർ 2 എന്നിങ്ങനെയാണ് കേരളത്തിൽ നിന്നും ബംഗാളിലേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ ക്യാമ്പുകളിലെത്തി ആരോഗ്യവകുപ്പ് ഇവരുടെ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകളിലാകും ഇവരെ റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കുക. കേരളത്തിൽ നിരവധി ബംഗാൾ സ്വദേശികൾ ഉണ്ടെന്നാണ് കണക്ക്.