
ബോഞ്ചിക്ക, വള്ളി ഓറഞ്ച്, വള്ളിനാരങ്ങ, മുസ്സോളിക്കായ്, മുസ്സോളിങ്ങ, സർബത്ത്കായ എന്നീ പേരുകളിലാണ് തെക്കേ അമേരിക്കയിൽ ഉത്ഭവിച്ച പാഷൻ ഫ്രൂട്ട് കേരളത്തിൽ അറിയപ്പെടുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യമായ കൃഷിയാണ് പാഷൻ ഫ്രൂട്ട്. വേരധികം താഴ്ചയിലേക്ക് പോകാത്ത വള്ളിച്ചെടിയാണിത്. മഞ്ഞ, പർപ്പിൾ നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ടുകളാണ് സാധാരണ കൃഷി ചെയ്തു വരുന്നത്.
സീസണായിക്കഴിഞ്ഞാൽ പാഷൻഫ്രൂട്ട് ചെടിയിൽ നിറയെ കായ്കൾ വരും. ഒരോ കായും ശീതള കനിയാണ്. കായ് പഞ്ചസാര ചേർത്ത് കഴിക്കാം. അതുമല്ലെങ്കിൽ സ്വാദിഷ്ഠമായ പാനീയം തയാറാക്കി കഴിച്ച് ക്ഷീണം അകറ്റവുന്നതാണ്. നാവിനെ ത്രസിപ്പിക്കുന്ന മധുരവും ശരീരത്തിനാകെ കുളിർമ പകരുന്ന തണുപ്പും നൽകുന്ന ഒരു ഫലം പാഷൻ ഫ്രൂട്ടല്ലാതെ മറ്റേതാണ്. ഉഷ്ണ - മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് പാഷൻ ഫ്രൂട്ട് നന്നായി വളരുന്നത്.
കൃഷിരീതി
പാഷൻ ഫ്രൂട്ടിന്റെ വേര് ആഴത്തിൽ പോകുന്നില്ല, സൈഡിലേക്കാണ് പോകുന്നത്. രണ്ടോ മൂന്നോ ചെടിയാണെങ്കിൽ മരത്തിലോ വേലിയിലോ വളർത്താം. പാഷൻ ഫ്രൂട്ടിന് ആറ്, ഏഴ് വർഷം ആയുസ്സുണ്ട്, അതിനാൽ നല്ല ബലമുള്ള പന്തൽ ആവശ്യമാണ്. വള്ളി മുറിച്ചു നടുന്ന തൈകളാണ് പെട്ടെന്ന് കായ് ഫലം തരുന്നത്. വിത്തുകളുപയോഗിക്കുമ്പോൾ രണ്ടു ദിവസ്സം വെള്ളത്തിൽ കുതിർത്ത് വച്ചിട്ട് പാകണം.
കൃഷി ചെയ്യുവാനുദ്ദേശിക്കുന്ന സ്ഥലം ആഴത്തിൽ കിളച്ച് നിരപ്പാക്കി എടുക്കുക. രണ്ടടി വലുപ്പത്തിലും ഒരടി താഴ്ചയിലും കുഴി എടുത്ത് അതിൽ ജൈവവളമോ, ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ഠമോ, കോഴി കാഷ്ഠമോ ഇതിൽ ഏതെങ്കിലും ഒന്നിന്റെ കൂടെ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയും, കുമ്മായവും കുറച്ച് കുറച്ച് ചേർത്ത് ഇളക്കി മിശ്രിതമാക്കി കുഴിയിലിട്ട് കുഴി മൂടുക. ഇതിൽ നേരത്തേ തയ്യാറാക്കി വച്ചിരുന്ന തൈകൾ നടുക. 10 x 6 അടി അകലത്തിൽ വേണം കുഴികൾ എടുക്കാൻ. ഏപ്രിൽ, മെയ് മഴക്കാലാരംഭത്തിൽ നടുകയാണെങ്കിൽ ജലസേചനം ഒഴിവാക്കാം.
ഫെബ്രുവരി മാസത്തിലാണ് സാധാരണ പുഷ്പിക്കാറ്. ജൂൺ മുതൽ വിളവെടുപ്പ് ആരംഭിയ്ക്കാം. നല്ല പരിപാലനം കൊടുക്കുകയാണെങ്കിൽ തുടർച്ചയായി ആറ്, ഏഴ് മാസം വിളവെടുക്കാം. പന്തലിൽ പാഷൻ ഫ്രൂട്ടിന്റെ വള്ളി കയറിയാൽ പതിനഞ്ചു ദിവസം കൂടുമ്പോൾ ജൈവവളം വെള്ളത്തിൽ ലയിപ്പിച്ചതോ, ജീവാമൃതമോ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. വേരുകൾ സൈഡിലേക്ക് പോകുന്നതു കൊണ്ട് തടം കൊത്തി കിളയ്ക്കാൻ പാടില്ല.
മണ്ണിന്റെ പി.എച്ച്. ലെവൽ ക്രമീകരിക്കണം. വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ മാസത്തിലൊരിക്കൽ സ്യൂഡോമോണോസ് നിർബന്ധമായും ഇലകളിൽ തളിച്ച് കൊടുക്കണം. ഇത് കീടങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനാണ്. ഒരു ചെടിയിൽ നിന്ന് ഏകദേശം പത്ത് കിലോ മുതൽ പതിനഞ്ച് കിലോ വരെ ഒരു വർഷം ലഭിക്കും.