pm-narendramodi

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഓരൈയായിൽ ഇന്ന് പുലർച്ചെ മൂന്നിനുണ്ടായ ലോറി അപകടത്തിൽ മരിച്ച കുടിയേറ്റ തൊഴിലാളികൾക്ക് ട്വിറ്ററിലൂടെ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഉത്തർപ്രദേശിലെ ഓരൈയായിലുണ്ടായ അപകടം വളരെ ദാരുണമാണ്. അവിടെ സ‌ർക്കാർ ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് വേഗം ഭേദമാകാൻ പ്രാർ‌ത്ഥിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ലഖ്നൗവിൽ നിന്ന് ഇരുനൂറ് കിലോമീറ്റർ അകലെയുള്ള ഓരൈയായിലാണ് രാജസ്ഥാനിലേക്കും ഡൽഹിയിലേക്കും പോകുകയായിരുന്ന രണ്ട് ലോറികൾ തമ്മിൽ കൂട്ടിമുട്ടിയത്. അപകടത്തിൽ 24 പേർ മരിച്ചു. 38 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ 15 പേരുടെ നില അതീവ ഗുരുതരമാണ്. ചാക്കുകളിലായും മറ്റുമാണ് പല തൊഴിലാളികളും ലോറികളിൽ ഇരുന്നിരുന്നത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50000 രൂപയും സർക്കാർ പ്രഖ്യാപിച്ചു. സംഭവത്തെ തുടർന്ന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലോറി ഡ്രൈവർമാ‌ർക്കെതിരെ കേസെടുത്തു. അപകടത്തെ കുറിച്ച് അന്വേഷണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.