മനാമ: ഗൾഫിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാൽ ലക്ഷത്തിലേക്ക് അടുക്കുന്നു. വെള്ളിയാഴ്ച രാത്രിവരെ 1,24,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 644 പേർ മരിച്ചു. 40,373 പേർ രോഗമുക്തി നേടി. 6,121 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23 പേരാണ് മരിച്ചത്.
ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും സൗദിയിലാണ്. 49,176 പേർക്ക് രോഗം സ്ഥിരീകരിച്ചു. 292 പേർ മരിച്ചു. 21,869 പേർ രോഗമുക്തിനേടി.മരണ നിരക്കിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇയാണ്. 210 പേരാണ് മരിച്ചത്. 21,831 പേർക്ക് രോഗം ബാധിച്ചു. 7328 പേർ രോഗമുക്തി നേടി.
ഖത്തറിൽ 29,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേർ മരിച്ചു. കുവൈറ്റിൽ 885 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മൊത്തം രോഗികൾ 12,860 ആയി ഉയർന്നു. മരണം 96. പുതിയ രോഗികളിൽ 184 പേർ ഇന്ത്യക്കാരാണ്. ഇതുവരെ വൈറസ് സ്ഥിരീകരിച്ച ഇന്ത്യക്കാർ 4,310 ആയി. ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചവർ 6,583 ആയി. ശനിയാഴ്ച പുലർച്ചെ രണ്ടു പേർ കൂടി മരിച്ചതോടെ മരണം 12 ആയി. ഒമാനിൽ മരണം 20 ആയി. കൊവിഡ് ബാധിതർ 4,625.