കണ്ണൂർ: ജില്ലയിൽ എക്സൈസ് നടത്തിയ റെയ്ഡുകളിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ചാരായവും വാറ്റും അടക്കമുള്ള ലഹരി സാമഗ്രികൾ പിടികൂടി. നാല് ലിറ്റർ ചാരായം കടത്തുന്നതിനിടെ എരമം സൗത്തിലെ കാട്ടൂൽ വീട്ടിൽ കെ. സുമേഷിനെ(36) പയ്യന്നൂർ എക്സൈസ് സംഘം പിടികൂടി കേസെടുത്തു. ലോക്ക്ഡൗൺ കാലമായതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. തലശേരി കണ്ടിക്കലിൽ എഫ്.എൽ.ഐ.ഐ എന്ന സ്ഥാപനത്തിന്റെ പരിസരം, സൈതാർ പള്ളി, ടെമ്പിൾ ഗെയിറ്റ്, തലശ്ശേരി, കൊടുവള്ളി, ഇല്ലിക്കുന്ന്, ബാലത്തി എന്നീ സ്ഥലങ്ങളിൽ നടത്തിയ പട്രോളിംഗിനിടെ കുന്നോത്ത് ബാലത്തിൽ വച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ രീതിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 100 ലിറ്റർ വാഷ് കണ്ടെത്തി.
പിണറായി എക്‌സൈസ് റേഞ്ച് പരിധിയിലെ കരിയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തിയ 55 ലിറ്റർ വാഷ് കണ്ടെടുത്തു. ആലച്ചേരിക്കടുത്ത് വാറ്റുകേന്ദ്രത്തിൽ എക്‌സൈസിന്റെ മിന്നൽ പരിശോധനയിൽ വാഷും ചാരായവും പിടികൂടി മൂന്നു പേർക്കെതിരെ കേസെടുത്തു. കൂത്തുപറമ്പ് എക്‌സൈസിന്റെ നേതൃത്വത്തിൽ ആലച്ചേരി മേനച്ചോടി ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 410 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ചാരായവാറ്റുകാർ ഓടി രക്ഷപ്പെട്ടു.
ആലച്ചേരി സ്വദേശികളായ ചിറ്റിയത്ത് ഹൗസിൽ ശ്രീജി തോമസ്, അമ്പലപ്പറമ്പിൽ കെ.പി വിശ്വൻ, കല്ലായി ഹൗസിൽ ലിബീഷ് എന്നിവർക്കെതിരെ കേസെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് പാർട്ടി 38 അബ്കാരി കേസുകളാണ് കണ്ടെടുത്തത്. 5410 ലിറ്റർ വാഷും 16 ലിറ്റർ ചാരായവും ഇവിടെ മാത്രം പിടികൂടി, 13 പ്രതികൾക്കെതിരെയാണ് കേസെടുത്തത്. ജില്ലാടിസ്ഥാനത്തിൽ കണക്കെടുത്താൽ വൻ വർദ്ധനയാണ് വ്യാജമദ്യവുമായി ബന്ധപ്പെട്ടുള്ളത്.