yogi

പട്ന: രാജ്യമൊട്ടാകെയുള്ള ലോക്ക് ഡൗണിൽ ജീവിതമാർഗം നഷ്ടമായി നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരുകൾക്ക് തലവേദനയാണ്. എന്നാൽ തങ്ങൾക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി സംസ്ഥാനത്ത് നൽകിയ കരുതലിൽ അതീവ സന്തുഷ്ടരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജോലിനോക്കി ബിഹാറിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ.

ബിഹാർ അതിർത്തി വരെ അവർക്ക് പോകാൻ ബസ് സൗകര്യവും ആവശ്യത്തിന് ഭക്ഷണവും ബിസ്കറ്റും, വെള്ളവും അടിയന്തിര സഹായത്തിന് പൊലീസും ഇവർക്ക് ഓരോ കേന്ദ്രങ്ങളിലും സംസ്ഥാനത്ത് നിന്നും ലഭിച്ചു. ബിഹാർ അതിർത്തിയിൽ ലോറിയിൽ നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്ന നൂറ്റൻപതോളം തൊഴിലാളികൾ പറയുന്നു. 'മറ്ര് പ്രയാസങ്ങൾക്കിടയിലും യോഗി സർക്കാർ ഞങ്ങൾക്ക് വേണ്ടി എല്ലാ സഹായവും ചെയ്തു തന്നു. ഈ സഹായം നാട്ടിൽ ലഭിക്കുമോ എന്ന് അറിയില്ല.'

ബിഹാർ സർക്കാർ അന്യ സംസ്ഥാനങ്ങളിൽ ജോലി നോക്കുന്ന തൊഴിലാളികൾക്ക് അക്കൗണ്ടിൽ ആയിരം രൂപ വീതം നൽകും എന്നറിയിച്ചെങ്കിലും മിക്കവർക്കും ഈ സൗകര്യം ലഭിച്ചില്ല. നാട്ടിലെത്തിയവർക്ക് തന്നെ യോഗി നൽകിയ പോലെ ആഹാരമോ, വെള്ളമോ ബസ് സൗകര്യമോ നൽകിയില്ല. സ്വന്തം നാട്ടിലെത്തിയ തൊഴിലാളികളെ പൊലീസുകാർ തുരത്തിയോടിക്കുകയും സ്വന്തം വാഹനത്തിൽ മടങ്ങാൻ പറയുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ലോക്ഡൗൺ കാലത്തെ ലംഘനങ്ങളുടെ പേരിൽ യോഗി ആദിത്യനാഥിനെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കുറ്റപ്പെടുത്താറുമുണ്ട്. ബിഹാറിലെ ബി.ജെ.പി എം.എൽ.എമാരും തൊഴിലാളികൾക്ക് യോഗി ആദിത്യനാഥ് ചെയ്തു കൊടുത്ത സൗകര്യങ്ങളിൽ സംതൃപ്തരാണ്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്ന് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് തിരികെ ബീഹാറിൽ എത്തിയിരിക്കുന്നത്. ഇതിൽ 2.25 ലക്ഷം പേർ ക്വാറന്റൈനിലാണ്. ഇനിയും തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാണെങ്കിലും ഇവർ‌ക്ക് ട്രെയിൻ,ബസ് സൗകര്യങ്ങൾക്ക് സർക്കാർ സഹായം നൽകുന്നില്ല.