ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിലാളികളുടെ പലായനം പലയിടത്തും തുടരുകയാണ്. മൈലുകൾ താണ്ടി സ്വന്തം നാട്ടിലേക്ക് യാത്ര തിരിക്കുന്നവർക്കെല്ലാം പറയാനുള്ളത് കണ്ണീർക്കഥകൾ തന്നെ. പലതും മനസിനെ തളർത്തുന്നവ. ഇങ്ങനെ, നെഞ്ചകം പൊള്ളിക്കുന്ന ദുരിത യാത്രയാണ് യു.പിയിൽ നിന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റ മകനെ സ്‌ട്രെച്ചറിൽ ചുമന്ന് ഒരു കുടുംബം നടന്നത് 800 കിലോമീറ്റർ.
ലുധിയാനയിൽ നിന്നാണ് കുടുംബം യാത്ര ആരംഭിച്ചത്. സംഭവം മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ യു.പി പൊലീസ് ഇവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ നിലയിലുള്ള ആൺകുട്ടിയുമായിട്ടാണ് കുടുംബം 1300 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് യാത്ര ആരംഭിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് നടക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആവശ്യമായ ഭക്ഷണമോ പണമോ ഇല്ലാതെയാണ് ഇവർ യാത്ര ആരംഭിച്ചത്.
ധരിക്കാൻ ചെരിപ്പ് പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു കുടുംബം. മദ്ധ്യപ്രദേശിലെ സിംഗ്രോളിയിലേക്കാണ് കുടുംബം സഞ്ചരിച്ചതെന്നാണ് റിപ്പോർട്ട്. ചിത്രങ്ങളും വാർത്തകളും പുറത്തുവന്നതോടെ പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.15 ദിവസം മുമ്പാണ് ഇവർ ലുധിയാനയിൽ നിന്ന് പുറപ്പെത്. പരിക്കേറ്റ കുട്ടിക്ക് സഞ്ചരിക്കാൻ കഴിയില്ല. സ്‌ട്രെച്ചറിൽ ചുമന്ന് കൊണ്ടു പോകുകയല്ലാതെ മറ്റ് മാർഗമുണ്ടായിരുന്നില്ല. അതിനാലാണ് ഈ മാർഗം സ്വീകരിച്ചത്. കുട്ടികൾ ഉൾപ്പെടെ 15 പേർ ഒപ്പമുണ്ട്. ആവശ്യമായ ഭക്ഷണം ഇവരുടെ പക്കലുണ്ടായിരുന്നില്ല.