ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഭയാശങ്കയിലാക്കി കൊവിഡ് വൈറസ് വ്യാപിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗുജറാത്തിനെ പിന്തള്ളി തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി. ചെന്നൈയടക്കമുള്ള നഗരത്തോട് ചേർന്നുള്ള ചേരികളിൽ വൻ തോതിലാണ് രോഗം വ്യാപിക്കുന്നത്. ഭക്ഷണാവശ്യത്തിന് തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളത്തെയും ഇത് പരിഭ്രാന്തിയിലാക്കുകയാണ്. ട്രക്ക് ഡ്രൈവറിലൂടെ പൊലീസുകാരടക്കം പത്തോളം മലയാളികൾക്ക് കൊവിഡ്പകർന്നത് കഴിഞ്ഞ ദിവസമാണ്. സർക്കാരിന്റെ വീഴ്ചയാണ് കൊവിഡ് വ്യാപിക്കാൻ ഇടയാക്കുന്നതെന്ന ആക്ഷേപം തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികളും ഉന്നയിക്കുന്നുണ്ട്.
ഏറ്റവും ഒടുവിൽ 434 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 10,108 ആയി ഉയർന്നു. ചെന്നൈയിൽ ഇന്നലെ 309 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിൽ കൊവിഡ് രോഗികളുടെ എണ്ണം 5,946 ആയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പകുതിയോളം രോഗികളും തലസ്ഥാന നഗരത്തിലായിട്ടും സർക്കാർ എന്ത് ചെയ്തെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നെന്ന ന്യായം നിരത്തി ലോക്ക്ഡൗൺ കർശനമായി പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കുന്നുണ്ട്. ചെന്നൈ, തിരുവള്ളൂർ ഒഴികെയുള്ള ജില്ലകളിൽ ഇന്നു മുതൽ മദ്യവിൽപന ശാലകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയാണ്.
രാജ്യത്ത് മഹാരാഷ്ട്രയാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. ഇവിടെ 29,100 കൊവിഡ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് 20,000 പേർ കൂടി രോഗബാധിതരാകുമെന്ന നിഗമനത്തിലാണ് വിദഗ്ധർ. മുംബയ്, താനെ, പൂനെ എന്നീ നഗരങ്ങളിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മുംബയിൽ മാത്രം 17,671 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ധാരാവി പോലുള്ള ചേരികളിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെ നിരവധി പേരാണ് മരിച്ചത്. ഇതിൽ എന്തെങ്കിലും ചെയ്യാനായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആശങ്ക.