റിയാദ്: റിയാദില്‍ കൊവിഡ് ബാധിച്ച മലയാളി രോഗിയുടെ കുടുംബം ആത്മഹത്യചെയ്തു. കോഴിക്കോട് വാളേരി സ്വദേശി ബിജുവിന്‍റെ ഭാര്യയും മകളുമാണ് മരിച്ചത്. മണിപ്പൂരി സ്വദേശിയാണ് ഭാര്യ. മകള്‍ക്ക് ആറുമാസമാണ് പ്രായം. കൊവിഡ് ബാധിച്ച ബിജു ആശുപത്രിയില്‍ അത്യാസന്നനിലയില്‍ തുടരുകയാണ്. മരണവിവരമറഞ്ഞ ബിജുവിന്റെ അമ്മ ആശുപത്രിയിലായി.
രണ്ടു ദിവസം മുമ്പ് ഭാര്യയും മകളും ആത്മഹത്യ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. ഇവർ ഫ്ളാറ്റ് അകത്തു നിന്നും പൂട്ടിയിരുന്നു. എഴുപതുകാരിയായ അമ്മ അകത്തു കയറാനാകാതെ പുറത്തു നിൽക്കുകയായിരുന്നു. തുടർന്നാണ് അവശയായത്. ഇവരെ ആശുപത്രിയിലാക്കിയെന്നും സ്ഥിതി മെച്ചപ്പെട്ടതായും സാമൂഹികപ്രവർത്തകർ പറയുന്നു.
ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബിജുവിനെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം വിവരങ്ങളൊന്നും കുടുംബത്തിനു ലഭിച്ചിരുന്നില്ല. പിന്നീട് ബിജു അത്യാസന നിലയിലാണെന്ന വിവരം കുടുംബത്തിനു ലഭിച്ചു. ഇതോടെയാണ് ഭാര്യ മകളുമായി ആത്മഹത്യ ചെയ്തതെന്നു കരുതുന്നു. നാട്ടിലുള്ള കുടുംബം നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ വിവരം പുറംലോകമറിഞ്ഞത്.