ന്യൂയോർക്ക്: ലോകത്തെ മുൾമുനയിൽ നിർത്തി കൊവിഡ് 19 ഇതുവരെ മൂന്ന് ലക്ഷം ജീവനുകൾ കവർന്നതായി കണക്കുകൾ. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് 3,01,000 പേരാണ് ഇന്നുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ മാത്രം മരിച്ചവരുടെ എണ്ണം 88,199 ആയി ഉയർന്നിട്ടുണ്ട്. നാൽപ്പത്തിയഞ്ച് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധിച്ചു. പത്ത് ലക്ഷത്തിൽ കൂടുതൽ ആളുകൾ രോഗമുക്തരായെന്നുമാണ് കണക്കുകൾ.
ഗൾഫ് നാടുകളിലും, ഏഷ്യൻ രാജ്യങ്ങളിലും മരണ നിരക്ക് ഉയരുകയാണ്. ഒരു ദിവസം ശരാശരി അയ്യായിരം എന്ന നിലയിലാണ് മരണ നിരക്ക്. ഈ വർഷം ജനുവരിയിൽ തുടങ്ങിയ മരണം അര ലക്ഷം എത്താൻ മൂന്നു മാസം എടുത്തു. ഏപ്രിൽ രണ്ടിന് അര ലക്ഷമായ മരണം ഏഴു ദിവസം കൊണ്ട് ഒരു ലക്ഷമായി. അടുത്ത 15 ദിവസം കൊണ്ട് അത് രണ്ട് ലക്ഷമായി. എന്നാൽ, മരണം രണ്ട് ലക്ഷത്തിൽ നിന്നും മൂന്നു ലക്ഷമാകാൻ 20 ദിവസം മാത്രമാണ് എടുത്തത്.
ഇറ്റലി പോലുള്ള രാജ്യങ്ങളിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. ഉറ്റവരുമായുള്ള ബന്ധപ്പെടൽ പോലും സാദ്ധ്യമാകാത്തതോടെ കൂട്ടത്തോടെയാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. അറേബ്യൻ രാജ്യങ്ങൾ കൊവിഡ് രോഗത്തെ പ്രതിരോധിക്കാനാകാതെ വലയുകയാണ്. പൗരന്മാരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് സൗദിയടക്കമുള്ള രാജ്യത്തെ ഭരണാധികാരികൾ. മരുന്നുകൾക്കുള്ള ക്ഷാമവും പ്രതിസന്ധിയാകുന്നുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലാകട്ടെ വെന്റിലേറ്റർ സൗകര്യം പോലും ലഭിക്കാതെയാണ് പൗരന്മാർ മരണത്തിന് കീഴടങ്ങുന്നത്. വൈറസ് വ്യാപനം ഉടനെയൊന്നും അവസാനിക്കില്ലെന്ന വിലയിരുത്തൽ പല ദരിദ്ര രാഷ്ട്രങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.