jeep

കൊച്ചി: ലോക്ക് ഡൗണിലും നിരത്തുകളിൽ ജീവൻ പൊലിയുകയാണ്. ഇന്ന് എറണാകുളം മുളന്തുരുത്തിയിലുണ്ടായ അപകടത്തിൽ രണ്ട് ജീവനുകളാണ് നഷ്ടപ്പെട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശികളായ കരിയത്തായി വീട്ടിൽ സുന്ദരേശൻ (38), ബാബു (54) എന്നിവരാണ് മരിച്ചത്. ഇരുവരും ടാറിംഗ് തൊഴിലാളികളാണ്. ഇന്ന് രാവിലെ ഏഴോടെ മുളന്തുരുത്തി അരയൻകാവ് വളവിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും എതിരെ വരികയായിരുന്ന മിനി ചരക്ക് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുന്ദരേശനും ബാബുവും തത്ക്ഷണം മരിച്ചു. ജീപ്പിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടത്തുരുത്തിയിൽ നിന്നും രാവിലെയാണ് തൊഴിലാളികളുമായി ജീപ്പ് പുറപ്പെട്ടത്. ചോറ്റാനിക്കര എരുവേലിയിലായിരുന്നു ടാറിംഗ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ജീപ്പിന് മുന്നിൽ എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു കണ്ടെയ്‌നർ ലോറിയുണ്ടായിരുന്നു. അരയൻകാവ് വളവ് ഭാഗത്ത് വച്ച് ജീപ്പ് കണ്ടയ്‌നറിനെ മറികടന്നു. ഈ സമയം, വളവിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മിനി ചരക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.