1. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണ് എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണം എന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം, ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. സംസ്ഥാനത്ത് കൊവിഡ് രോഗ നിരക്ക് ക്രമാതീതമായി കൂടിയാല്‍ ഇന്ന് നല്‍കുന്ന ശ്രദ്ധ നല്‍കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് കേരളം നേരിടുന്നത്. വാര്‍ഡ് തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡിന് എതിരായ പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ച് കഴിഞ്ഞുവെന്നും ഐ.സി.എം.ആറും ആയി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ എന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
2. രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 85,000 കടന്നു. 85,940 പേര്‍ക്കാര്‍ രോഗം ഇതുവരെ ബാധിച്ചത്. രോഗം ബാധിച്ച് 2,752 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 103 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയില്‍ 1,576 പേര്‍ക്കു കൂടി രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 29,100 ആയി. 1,068 മരണം ഇവിടെ സംഭവിച്ചു. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്. മുംബയ് നഗരത്തിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 933 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 34 പേര്‍ ഇവിടെ മരിച്ചു. തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,108 ആയി. 434 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. സംസ്ഥാനത്തെ മരണ സംഖ്യ 71 ആയി. കര്‍ണാടകയില്‍ പുതുതായി 69 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 1,056 ആയി ഉയര്‍ന്നു. ഇവിടെ 36 പേര്‍ക്കു ജീവന്‍ നഷ്ടമായി.
3. രാജ്യത്ത് ഗ്രീന്‍സോണായി പ്രഖ്യാപിച്ച ഗോവയിലും മണിപ്പൂരിലും രോഗം റിപ്പോര്‍ട്ടു ചെയ്തതോടെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ ലഭ്യമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. കോവിഡിന് എതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങളില്‍ ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ട്രംപ് അറിയിച്ചു. വാക്സിന്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കും എന്നും ട്രംപ് അറിയിച്ചു
4. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ഡൗണ്‍ നാളെ അവസാനിക്കാന്‍ ഇരിക്കെ, നാലാംഘട്ട ലോക് ഡൗണിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങിയേക്കും. പൊതു ഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുമെന്നാണ് സൂചന. പ്രത്യേക ട്രെയിന്‍ സര്‍വീസ് തുടങ്ങിയ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകളും ബസ് സര്‍വീസുകളും പുനരാരംഭിച്ചേക്കും. മെട്രോ സര്‍വീസുകള്‍ക്കും പച്ചക്കൊടി കാണിക്കും എന്നാണ് വിവരം. ഗ്രീന്‍ സോണിലുള്ള നിയന്ത്രണങ്ങള്‍ സമ്പൂര്‍ണമായി നീക്കം ചെയ്യും. ഓറഞ്ച് സോണില്‍ പരിമിതമായ നിയന്ത്രണങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. റെഡ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരുമെങ്കില്‍ ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍ തുടങ്ങിയവയ്ക്ക് ഇളവ് നല്‍കിയേക്കും. കണ്ടെയ്ന്‍മെന്റ് ഏരിയകളില്‍ കര്‍ശന നിയന്ത്രണം തുടരും.
5. അതേസമയം, പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയത്. കാര്‍ഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്‌ക്കരണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോര്‍പ്പറേറ്റ് രംഗത്തിനും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍ പദ്ധതികള്‍ ഇന്ന് ഉണ്ടായേക്കും. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കാതെ ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് കാര്യമില്ലെന്നാണ് പ്രതിപക്ഷം നിലപാട്.
6. വയനാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ നിയന്ത്രങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. രോഗം പടരുന്ന ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ചും കര്‍ശന നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. വയനാട്ടില്‍ ചെന്നെയില്‍ നിന്ന് വന്ന ഒരു രോഗിയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് രോഗം പടര്‍ന്ന സാഹചര്യത്തില്‍ രോഗബാധയ്ക്ക് സാധ്യത നല്‍കാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. കൂടാതെ അമ്പലവയല്‍ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകള്‍ ഭാഗികമായും കണ്ടെയിന്‍മെന്റ് സോണാക്കിയിട്ടുണ്ട്. ജില്ലയില്‍ 19 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
7. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പുതിയ ഘട്ടത്തില്‍ സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിന്റെ ആക്രമണം ഉണ്ടായേക്കാം എന്നും കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും വിദഗ്ധര്‍. മഴ തുടങ്ങിയതോടെ അന്തരീക്ഷോഷ്മാവ് കുറയുന്നതും രോഗവ്യാപനം കൂട്ടിയേക്കാം. ടെസ്റ്റ് കൂട്ടണമെന്നും ചെറിയ ലക്ഷണങ്ങള്‍ ഉളളവരെപ്പോലും പരിശോധനയ്ക്കു വിധേയര്‍ ആക്കണം എന്നുമാണ് വിദഗ്ധാഭിപ്രായം. വയനാട്ടില്‍ ചെന്നെയില്‍ നിന്ന് വന്ന ഒരു രോഗിയില്‍ നിന്ന് 15 പേരിലേക്കാണ് കൊവിഡ് പകര്‍ന്നത്. കാസര്‍കോട് മുംബയില്‍ നിന്നെത്തിയ ആളില്‍ നിന്ന് 5 പേരിലേയ്ക്കും പകര്‍ന്നു. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടാകാം എന്നതിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.