rahul-gandhi

ന്യൂഡൽഹി: ധനമന്ത്രി നി‌ർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നിലവിൽ അപര്യാപ്തമാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി. 'രാഷ്ട്രീയത്തിന് അതീതമായാണ് തന്റെ പ്രതികരണം. രാജ്യത്തെ കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും ലോണുകൾ നൽകുന്നതുകൊണ്ട് കാര്യമില്ല. പണം അവരുടെ കയ്യിൽ നേരിട്ടെത്തണം. അവർക്ക് പണം നൽകൂ.' രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പണം ജനങ്ങളിൽ നേരിട്ട് എത്തിക്കുകയാണ്. കർഷകരുടെയും തൊഴിലാളികളുടെയും അക്കൗണ്ടിൽ പണമിട്ട് കൊടുക്കണം. ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണമെത്തിയാലേ അവർ അധികാരികൾ പറയുന്നത് കേൾക്കുകയുള്ളൂ. പ്രതിപക്ഷത്തിന്റെ നേതാവ് എന്ന നിലക്ക് സർക്കാരിനോട് ഇത് ആവശ്യപ്പെടുകയാണ്. സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ പണം നൽകണം. അവർ കൊവിഡ്-19 പ്രതിരോധ പോരാട്ടത്തിലാണ്. കോൺഗ്രസ് പാർട്ടി അന്യ സംസ്ഥാന തൊഴിലാളികൾക്ക് പണം നൽകാൻ തയ്യാറായിരുന്നു.

'ലോക്ക് ഡൗൺ മതിയായ തയ്യാറെടുപ്പുകളില്ലാതെ അശ്രദ്ധയോടെ പിൻവലിക്കരുത്. അങ്ങനെ ചെയ്താൽ നിരവധി നഷ്ടങ്ങളുണ്ടാകും. ലോക്ക് ഡൗൺ സമയത്തേക്ക് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികൾ അപകടങ്ങളിൽ മരിച്ചു. അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നു'- രാഹുൽഗാന്ധി പറഞ്ഞു. കൊവിഡ് കാലത്ത് ശ്രദ്ധേയമായ ജോലി ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.