ന്യൂഡൽഹി: കൊവിഡ് പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഇന്ത്യയിലും കുതിക്കുകയാണ്. 24 മണിക്കൂറിനിടയിൽ 103 മരണവും പുതിയ 3970 കേസുകളും റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യ കൊവിഡിന്റെ ആഗോള പട്ടികയിൽ 11 ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. 85,546 ആണ് ഇന്ത്യയിലെ കഴിഞ്ഞ ദിവസം വരെയുള്ള രോഗബാധിതരുടെ കണക്ക്. ഇത് അമ്പരപ്പിക്കുന്ന കണക്കാണ്.
കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങൾ ഫലപ്രദമാകുന്നില്ല എന്നതാണ് ഇത് കാണിക്കുന്നത്. ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിലൂടെ രോഗികളുടെ എണ്ണം പിടിച്ചുനിറുത്താനായി എന്ന കണക്കുകൂട്ടലുകളാണ് തെന്നിപ്പോകുന്നത്. എങ്കിലും ഇന്ത്യയിലെ ജനസംഖ്യ വച്ചു നോക്കുമ്പോൾ ഇത് വലിയ കുതിപ്പല്ല എന്ന് വേണമെങ്കിൽ ആശ്വസിക്കാം. ചൈനയിൽ 82,933 രോഗികളാണുള്ളത്.
14 ലക്ഷം രോഗികളുള്ള അമേരിക്കയാണ് കൊവിഡിൽ ഏറ്റവും മുന്നിൽ. രണ്ടുലക്ഷം പേരുമായി സ്‌പെയിനും റഷ്യയും യു.കെയും ഇറ്റലിയും ബ്രസീലും ആദ്യ അഞ്ചു സ്ഥാനത്താണ്. . സ്‌പെയിൻ (2,74,367), റഷ്യ (2,62,843), യു.കെ (2,36,711), ഇറ്റലി (2,23,096), ബ്രസീൽ (2,07,251) എന്നിവരാണ് രണ്ടുലക്ഷം രോഗികളുടെ പട്ടികയിലുള്ള രാജ്യങ്ങൾ. ഫ്രാൻസ് (1,78,870), ജർമ്മനി (1,75,223), തുർക്കി (1,44,749), ഇറാൻ (1,16,635) എന്നീ രാജ്യങ്ങളിൽ രോഗികളുടെ എണ്ണം ഒരുലക്ഷമാണ്. പെറു, കാനഡ, ബെൽജിയം, സൗദി അറേബ്യ എന്നിവർ ചൈനയ്ക്ക പിന്നിൽ നിൽക്കുമ്പോൾ പാകിസ്ഥാൻ പട്ടികയിൽ ഇരുപതാം സ്ഥാനത്താണ്.
ഇന്ത്യയിൽ ഇതുവരെ 2,357 പേരാണ് മരിച്ചത്. ചൈനയിൽ മരണം 4,633 ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനുള്ളിൽ 1,576 പുതിയ രോഗികളുണ്ടായി. ഇതോടെ രോഗംബാധിച്ചവർ 29,000 ആയി. മരണം 1,068. ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം 9,932 ആയി. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം. 9,674 ആയി. 66 ആണ് മരണം.