തിരുവനന്തപുരം: കാലാവസ്ഥ പ്രവചനത്തിന് കേന്ദ്ര ഏജന്‍സി മാത്രം പോരെന്ന് കേരളം. നാല് സ്വകാര്യ കമ്പനികളില്‍ നിന്നു കൂടി പ്രവചനങ്ങള്‍ സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം .സ്കൈമെറ്റ്, വിന്‍ഡി, ഐബിഎം, എര്‍ത് നെറ്റ്‌വര്‍ക്സ് എന്നിവയ്ക്കാണ് ചുമതല. ദുരന്തനിവാരണഫണ്ടില്‍ നിന്ന് 10% ഇതിനായി വിനിയോഗിക്കും.
നേരത്തെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് 73 ഓട്ടോമേറ്റഡ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം നിര്‍ദേശിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ മണ്‍സൂണിന് മുമ്പ് 15 ഓട്ടോമേറ്റഡ് സ്‌റ്റേഷനുകള്‍ മാത്രമേ സജ്ജമാക്കാന്‍ കഴിയൂ എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവര്‍ക്ക് നല്‍കിയ ഉറപ്പ്.
പതിനാലാം തീയതി വരെ അഞ്ച് ഓട്ടോമേറ്റഡ് സ്‌റ്റേഷനുകള്‍ മാത്രമാണ് സജ്ജമായിട്ടുള്ളത്. 15 എണ്ണം എന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. തന്നെയുമല്ല സ്ഥാപിക്കപ്പെട്ടവയില്‍നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി നാല് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാനായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.