വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ലക്ഷം കടന്നു.വൈറസ് ബാധയെ തുടർന്ന് 3,08927 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്.
1,766, 722 പേർ രോഗവിമുക്തരായി. നിലവിൽ രോഗികളായി തുടരുന്ന 45,000ലേറെപ്പേരുടെ നില അതീവ ഗുരുതരമാണ്.
അമേരിക്കയിൽ കൊവിഡ് മരണം 88,507 ആയി. 1,484,285 രോഗബാധിതരാണ് രാജ്യത്തുള്ളത്. മരണനിരക്കിൽ രണ്ടാം സ്ഥാനത്തുള്ള യു.കെയിൽ 33,998 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണം 31,610 ആയി. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത് ബ്രസീലിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലിൽ 2068 പുതിയ കേസുകളും 145 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ബ്രസീലിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 220,291 ആയി. മരണസംഖ്യ 14,962 ആയി ഉയർന്നു.
അതേസമയം, റഷ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 272,043 ആയി. കൊവിഡ് കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്. രാജ്യത്ത് വൈറസ് മൂലം ജീവൻ നഷ്ടമായത് 2,537 പേർക്കാണ്. ഇതുവരെ 60,000ത്തോളം പേർ റഷ്യയിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡിന് ഇതുവരേയും വാക്സിൻ വികസിപ്പിക്കാൻ കഴിയാത്തത് ലോകത്തിന് മുന്നിൽ വെല്ലുവിളിയാണ്. അതേ സമയം കൊവിഡ് പ്രതിരോധ വാക്സിൻ വിപണിയിലെത്തുമ്പോൾ അതിനു വലിയ വില നൽകേണ്ടി വരില്ലെന്നെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.