രണ്ടും രണ്ട് വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. ഒരുപാട് ദിവസത്തെ ഓഡിഷൻ ഒക്കെ കഴിഞ്ഞിട്ടാണ് കുമ്പളങ്ങി നൈറ്റ് സിലേക്ക് സെലക്ട് ചെയ്യുന്നത്. ആറുമാസത്തോളം കുമ്പളങ്ങിക്ക് വേണ്ടി തയ്യാറെടുപ്പുകൾ നടത്തി. വല വീശി മീൻപിടിത്തമൊക്കെ അല്പം ബുദ്ധിമുട്ടി തന്നെ പഠിച്ചെടുക്കേണ്ടി വന്നു. പക്ഷേ തണ്ണീർ മത്തനിലേക്ക് വന്നപ്പോൾ മറ്റൊരു അനുഭവമായിരുന്നു. പ്ലസ് ടു കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. പ്ലസ് ടുവിനു പഠിക്കുന്നതുകൊണ്ട് തന്നെ എനിക്ക് പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല. കഥപറയുമ്പോൾ സംവിധായകൻ ഗിരീഷേട്ടൻ (ഗിരീഷ് .എ.ഡി ) ആകെ ചോദിച്ചത് ക്രിക്കറ്റ് കളിക്കാൻ അറിയാമോ എന്നാണ്. ചെറുപ്പം മുതൽ ഞാൻ കുഴപ്പമില്ലാതെ ക്രിക്കറ്റ് കളിക്കുന്ന ആളായതുകൊണ്ടു തന്നെ എനിക്ക് അധികം തയ്യാറെടുക്കേണ്ടി വന്നിട്ടില്ല.
ജെയ്സനിൽ നിന്ന് മാത്യുവിലേക്കുള്ള ദൂരം
എന്നെ അപേക്ഷിച്ച് ജെയ്സൺ കുറച്ചുകൂടുതൽ പ്രശ്നങ്ങളുള്ള ആളാണ്. അയാളുടെ പല പ്രശ്നങ്ങളും എനിക്കില്ല. ജെയ്സൺ ഊർജ്ജസ്വലനായ കുട്ടിയാണ്. ഞാനൊരു പാവത്താനാണ് . ജെയ്സനെ എപ്പോഴും അലട്ടുന്ന മൂന്നു ദുഃഖങ്ങളുണ്ട്. എന്നെ സംബന്ധിച്ച് അത്തരം ദുഃഖങ്ങളൊന്നുമില്ല .ഞാൻ മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലാണ് പഠിക്കുന്നത്. ജെയ്സനെപ്പോലെ ഇംഗ്ലീഷ് മീഡിയം പഠിച്ചതിന്റെ ജാഡയൊന്നും എനിക്കില്ല. ആരോടും ഒരു വഴക്കിനും പോകില്ല.
ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ?
വിശ്വസിക്കുമോ എന്നറിയില്ല ഇതുവരെ സത്യമായിട്ടും ആരോടും പ്രണയം ഉണ്ടായിട്ടില്ല . ആരും ഇതുവരെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല.
തണ്ണീർ മത്തൻ ദിനങ്ങൾ
കുമ്പളങ്ങി നൈറ്റ്സ് റിലീസായത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. ഒരുമാസം കഴിഞ്ഞപ്പോൾ സംവിധായകൻ ഗിരീഷേട്ടൻ വിളിച്ചു. പിന്നീട് വീട്ടിൽ വന്ന് വിശദമായി കഥ പറഞ്ഞു തന്നു. കഥ കേട്ടപ്പോൾ തന്നെ ശരിക്കും ത്രില്ലടിച്ചു. എനിക്ക് ഈസിയായി ചെയ്യാൻ കഴിയുമെന്ന് തോന്നി. മൈസൂറിൽ വിനോദയാത്രയ്ക്ക് പോകുന്ന സീൻ ചെയ്യുന്ന സമയത്ത് എനിക്ക് പനിയുണ്ടായിരുന്നു. ഗിരീഷേട്ടന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ഇത്രയും ഫ്രീയായി ചെയ്യാൻ കഴിഞ്ഞത്. ഡയറക്ഷൻ ഡിപ്പാർട്ട് മെന്റിലുള്ള എല്ലാവരും കളി തമാശകൾ പറഞ്ഞു കൂടെത്തന്നെ നിന്നു .
രവി പദ്മനാഭനെ പോലെയൊരു അദ്ധ്യാപകനെ ജീവിതത്തിൽ കണ്ടിട്ടുണ്ടോ?
ഒരിക്കലുമില്ല. എന്നെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരും വളരെയധികം സ്നേഹത്തോടുകൂടി മാത്രമേ പെരുമാറിയിട്ടുള്ളൂ. രവി പദ്മനാഭൻ ശരിക്കും ഒരു വ്യാജ അദ്ധ്യാപകനല്ലേ. യഥാർത്ഥ അദ്ധ്യാപകന് രവി പദ്മനാഭനെ പോലെ വിദ്യാർത്ഥികളോട് പെരുമാറാൻ കഴിയില്ല.
പഠനമൊക്കെ എങ്ങനെ പോകുന്നു ?
പഠന കാര്യങ്ങളിൽ ഞാൻ ജെയ്സനെപ്പോലെയാണെന്ന് പറയാൻ കഴിയില്ല. ക്ലാസിലെ ഒരു ശരാശരി വിദ്യാർത്ഥിയാണ് ഞാൻ. മോശമല്ലാത്ത ഒരു സ്റ്റുഡന്റ് എന്ന് പറയാം.
സിനിമയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നോ ?
ഒരിക്കലുമില്ല. കുട്ടിക്കാലം മുതലേ സിനിമ കാണും എന്നല്ലാതെ അഭിനയിക്കണമെന്ന് സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല. നമ്മുടെ ജീവിതത്തിൽ എന്തും എപ്പോഴും സംഭവിക്കാം.
സിനിമയിൽ സജീവമാകുമോ ?
പഠനവും സിനിമയും ഒന്നിച്ചു കൊണ്ടുപോകാനാണ് ആഗ്രഹം. അതിനോടൊപ്പം ഇനിയും ഒരുപാട് നല്ല സിനിമകളിൽ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. വിദ്യാഭ്യാസമില്ലാതെ നമ്മൾ എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല . അതുകൊണ്ട് തന്നെ ആദ്യം പഠനം സേഫ് ആക്കണം.
വീട്ടിൽ നിന്നുള്ള പിന്തുണ ?
വീട്ടിൽ നിന്ന് കട്ട സപ്പോർട്ടാണ്.കുമ്പളങ്ങിയിൽ അവസരം ലഭിച്ചപ്പോൾ വീട്ടിൽ പറഞ്ഞത് ഇത് എല്ലാവർക്കും കിട്ടുന്ന അവസരമല്ലല്ലോ എന്നാണ് . അച്ഛൻ ബിജു ജോൺ എൻജിനിയറാണ്. അമ്മ സൂസൻ കെ.മാത്യു ആർ.എം.എച്ച് എസ്.എസിൽ അദ്ധ്യാപികയാണ്. ചേട്ടൻ ജോൺ തോമസ്.