മിലാൻ: കൊവിഡ് വ്യാപനത്തിനിടെയും മാനദണ്ഡങ്ങൾ പാലിച്ച് കളിക്കളങ്ങൾ ഉണരുകയാണ്. പല ക്ലബ്ബുകളിലും താരങ്ങൾ പരിശീലനത്തിലാണ്. ഇന്ന് ചില മത്സരങ്ങൾ പുനരാരംഭിക്കാൻ ഇരിക്കുകയുമാണ്. എന്നാൽ, തുടർന്നുള്ള മത്സരങ്ങൾ നടന്നാൽ തന്നെ ഇറ്റാലിയൻ ക്ലബ്ബായ എസി.മിലാന് വൻ നഷ്ടം തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട് . കാരണം മറ്റൊന്നുമല്ല, ക്ലബ്ബിലെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എസി മിലാൻ വിടാൻ തയ്യാറെടുക്കുന്നു എന്നത് തന്നെ. അമേരിക്കൻ ലീഗായ എൽ.എ ഗ്യാലക്‌സി വിട്ട് ഈ വർഷം ആദ്യമാണ് ബാഹിമോവിച്ച് എസി മിലാനിൽ തിരിച്ചെത്തിയത്. എന്നാൽ ചുരുങ്ങിയ മാസത്തിനുള്ളിൽത്തന്നെ ക്ലബ്ബ് വിടാൻ ഇബ്ര തീരുമാനിച്ചതാണ് മിലാൻ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
സ്വീഡിഷ് താരമായ ഇബ്ര നാട്ടിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായാണ് ക്ലബ്ബ് വിടുന്നതെന്നാണ് സൂചന. സ്വീഡിഷ് ക്ലബ്ബായ ഹാമർബൈക്കുവേണ്ടിയാവും ഇബ്ര കളിക്കുകയെന്നും റിപ്പോർട്ടുണ്ട്. നവംബറിൽ അദ്ദേഹം ഹാമർബൈ ക്ലബ്ബിനുവേണ്ടി ഇൻവെസ്റ്റ് ചെയ്തിരുന്നു. മിലാൻ ന്യൂസ്‌പേപ്പറായ കൊറീറി ഡെല്ല സേറയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 38കാരനായ ഇബ്രയുമായി കരാർ പുതുക്കാൻ എസി മിലാൻ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചുവത്രേ. നാട്ടിൽ കുടുംബത്തോടൊപ്പം താമസിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രായം തളർത്താത്ത പോരാളിയായ ഇബ്രയുടെ വരവ് എസി മിലാന് കരുത്തായിരുന്നു. ഇബ്രയുടെ മികവിൽ ടീം ഭേദപ്പെട്ട പ്രകടനത്തിലേക്ക് ഉയർന്നിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിത തീരുമാനം. കൊവിഡ് ബാധയെത്തുടർന്ന് നാട്ടിൽ കഴിയുന്ന ഇബ്രാഹിമോവിച്ച് സ്വീഡിഷ് ക്ലബ്ബിനൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതിനായി നേരത്തെ വീട്ടിലും അദ്ദേഹം പരിശീലനം നടത്തിയിരുന്നു. ഹാമർബൈക്കൊപ്പം ഇബ്ര പരിശീലനം നടത്തുന്ന വീഡിയോയും ചിത്രങ്ങളും ഇറ്റാലിയൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എസി മിലാനിലേക്കുള്ള മടങ്ങിവരവിൽ എട്ട് മത്സരത്തിൽ നിന്ന് മൂന്ന് ഗോളാണ് അദ്ദേഹം നേടിയത്. മാൽമോയിലൂടെ ഫുട്‌ബോൾ കരിയർ ആരംഭിച്ച ഇബ്രാഹിമോവിച്ച് അയാക്‌സിൽ കളിച്ച ശേഷം 2004ൽ യുവന്റസിലേക്കെത്തി. ഇതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.