ന്യൂഡൽഹി: രാജ്യത്ത് നേരിടുന്ന കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഏപ്രിൽ16ന് നടന്ന അന്താരാഷ്ട്ര നാണയ നിധിയുടെ സമ്മേളനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അപേക്ഷ പ്രകാരം അനുവദിച്ച 14ലക്ഷം ഡോളർ ധനസഹായം, പാകിസ്ഥാൻ വകമാറ്റി പ്രതിരോധത്തിന് ചിലവാക്കിയതായി ഇന്ത്യയിലെ പാകിസ്ഥാൻ നിരീക്ഷകരുടെ വെളിപ്പെടുത്തൽ.
അന്താരാഷ്ട്ര നാണയനിധി സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധിയായ സുർജിത് ഭല്ല ഈ സഹായം പാകിസ്ഥാന് നൽകുന്നതിനെ എതിർത്തിരുന്നു. ധനസഹായം പാകിസ്ഥാൻ വകമാറ്റുന്നില്ലെന്ന് നാണയനിധി നിരീക്ഷിക്കണമെന്ന് അന്ന് ഭല്ല ആവശ്യപ്പെട്ടിരുന്നു. മുമ്പും ഇത്തരം സഹായധനങ്ങൾ പാകിസ്ഥാൻ പ്രതിരോധത്തിന് വകമാറ്റിയിട്ടുണ്ടെന്ന് ഭല്ല മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ കൃത്യം ഒരുമാസത്തിന് ശേഷം പാകിസ്ഥാൻ പ്രതിരോധ വകുപ്പ് ജീവനക്കാർക്ക് 20% ശമ്പളം വർദ്ധിപ്പിച്ചിരിക്കുകയാണ്.സൈന്യത്തിന്റെ സമ്മർദ്ദത്തെ തുടർന്ന് തന്നെയാണ് ഈ നടപടിയെന്ന് പാകിസ്ഥാൻ നിരീക്ഷകർ പറയുന്നു.
മുൻപ് പാകിസ്ഥാൻ റവന്യു മന്ത്രി ഹമ്മദ് അസർ പാകിസ്ഥാന്റെ വാർഷിക പ്രതിരോധ ചിലവ് 1.15 ട്രില്യൺ ആകുമെന്ന് പാർലിമെന്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്നും 4.5% ഉയർച്ചയാണ് പ്രതിരോധ ചിലവിൽ നിലവിൽ ഉണ്ടായിരിക്കുന്നത്. സാമ്പത്തികമായി പാകിസ്ഥാൻ വളരെയധികം വിഷമിക്കുമ്പോഴും പ്രതിരോധ ചിലവ് കുറയുന്നില്ലെന്ന് അർത്ഥം.
തകർന്ന വിപണി പുനരുജ്ജീവിപ്പിക്കാനും കൊവിഡ് പ്രതിരോധത്തിലൂടെ ആരോഗ്യമേഖലയെ ഉയർത്താനും ഇതിലൂടെ വേണ്ടപോലെ കഴിയാതെ വരികയാണിവിടെ. 39000 കേസുകൾ റിപ്പോർട്ട് ചെയ്ത പാക്കിസ്ഥാനിൽ 800 പേർ കൊവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു. പ്രതിരോധത്തിന് കൂടുതൽ തുക നൽകുന്നതിലൂടെ അതിർത്തി ലംഘനം പോലെയുള്ള നിയമലംഘനം പഴയതുപോലെ തുടരാൻ തന്നെയാണ് പാകിസ്ഥാൻ തീരുമാനമെന്ന് വ്യക്തം.