വീടുകളിലെ മുഖ്യ ശല്യക്കാരാണ് പാറ്റയും പല്ലിയും. ഇവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. വീടിന്റെ മുക്കിലും മൂലയിലും കാണപ്പെടുന്ന പാറ്റകൾ ശരിക്കും വീട്ടമ്മമാർക്ക് ഒരു ശല്യം തന്നെയാണ്. പാറ്റകൾ പാത്രങ്ങളിലും ഷെൽഫുകളിലും കയറി ഇറങ്ങുന്നതോടൊപ്പം തന്നെ ഭക്ഷണത്തിലേക്ക് ബാക്ടീരിയകളെ പടർത്തി അതുവഴി ഭക്ഷ്യ വിഷബാധ അടക്കമുള്ള രോഗങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യുന്നു. പാറ്റകളെ അകറ്റാൻ കഴിയുന്ന രീതികളിൽ എല്ലാം പരീക്ഷിച്ച് നോക്കിയിട്ടും ഒരു ഗുണവും ഇല്ല. എങ്കിലിതാ ഫലപ്രധമായ കുറച്ച് വഴികൾ.
എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പാറ്റാശല്യത്തിനുള്ള ഒരു പ്രധാന പ്രതിരോധ നടപടിയാണ്. അടുക്കും ചിട്ടയും ഉള്ള വീടുകളില് പാറ്റ ശല്യം കുറവായിരിക്കും. അവയ്ക്ക് കയറി ഇരിക്കാനും ഒളിക്കാനും സ്ഥലം ഇല്ലെങ്കിൽ തന്നെ പാറ്റകൾ അധികം പെരുകില്ല. വൃത്തിഹീനമായ അടുക്കള, ശുചിമുറി എന്നിവിടങ്ങൾ പാറ്റകൾക്ക് പ്രിയപ്പെട്ട സ്ഥലങ്ങളാണ്. അതുപോലെ അലമാരകൾ, ബുക്ക് ഷെൽഫ് തുടങ്ങിയവ. വീട്ടിൽ മാലിന്യങ്ങൾ ഇല്ലാതാക്കിയാൽ പാറ്റകളുടെ ശല്യത്തിന് ഒരു പരിധി വരെ നമുക്ക് പരിഹാരെ കാണാൻ സാധിക്കും.
ഭക്ഷണം കഴിച്ച് പാത്രങ്ങൾ കഴുകാതെ വെയ്ക്കുന്നത്, ഭക്ഷണം തുറന്നു വെയ്ക്കുന്നത്, ചപ്പ് ചവറുകൾ കൂട്ടിയിടുന്നത്, തറയിലെ ഈർപ്പം തുടങ്ങിയവ പാറ്റകളെ വളരെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് ആകർഷിക്കും.
ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് പാറ്റകളെ ഇല്ലാതാക്കാൻ സഹായിക്കും.
മസാല വിഭാഗത്തിൽ പെടുന്ന വയന ഇലകൊണ്ട് പാറ്റകളെ തുരത്താൻ സാധിക്കും. വയന ഇലയുടെ രൂക്ഷ ഗന്ധമാണ് പാറ്റകളെ തുരത്താൻ സഹായിക്കുന്നത്.
പാറ്റ ശല്യത്തിൽ നിന്ന് മുക്തി നേടാൻ മികച്ചൊരു ഉപാധിയാണ് ഫിനോയിൽ. ഫിനോയിൽ ഉപയോഗിച്ച് തറ തുടക്കുന്നത് പാറ്റകളെ തുരത്താൻ സഹായിക്കുന്നു.
നാരങ്ങ നീര് മുറിയുടെ ഓരോ കോണുകളിലും സ്പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാൻ സഹായിക്കുന്നു.
പാറ്റയെ തുരത്താൻ വീട്ടിലുണ്ടാക്കാൻ സാധിക്കുന്ന മറ്റൊരു പൊടിക്കൈയാണ് പഞ്ചസാരും ബേക്കിംഗ് സോഡയും. പഞ്ചസാരയും ബേക്കിംഗ് സോഡയും കൂട്ടിക്കലർത്തി പാറ്റ ശല്യമുള്ളിടത്തും അടുക്കളയിലും വിതറുക. ഇത് പാറ്റകളെ അകറ്റുന്നു.
രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചതും അൽപം നാരങ്ങ നീരും ചേർത്ത വെള്ളം മുറിയുടെ കോർണറിൽ തളിക്കുന്നത് പാറ്റ ശല്യം അകറ്റാൻ നല്ലതാണ്. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് തളിക്കാം.