റിയാദ്: ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കിയ കൊവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. രോഗം ബാധിച്ച് സൗദിയിൽ ഒൻപതും കുവൈത്തിൽ എട്ടുപേരും കൂടി മരിച്ചു. ആറ് ഗൾഫ് രാജ്യങ്ങളിലായി ഒരു ദിവസത്തിനിടെ 5,725 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 21 മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു.
സൗദിയിൽ 2,307 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 49,176 ആയി. 21,869 പേർ രോഗമുക്തി നേടി. 292 പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ 167 പേരുടെ നില ഗുരുതരമാണ്. കുവൈത്തിൽ കോവിഡ് മരണം 96 ആയി. 184 ഇന്ത്യക്കാർ ഉൾപ്പെടെ 885 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 12,860 ആയി. ഇതിൽ 4,349 പേർ ഇന്ത്യക്കാരാണ്. യുഎഇയിൽ 747 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 21,831. 7,328 പേർ രോഗമുക്തി നേടി. ഖത്തറിൽ 1153 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,425 ആയി. 3,546 പേർ രോഗമുക്തി നേടി. 14 പേർ മരിച്ചു. ബഹ്റൈനിൽ 3771 പേരാണ് ഇനി ചികിൽസയിലുള്ളത്. 2637 പേർ രോഗമുക്തി നേടി. ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. ഇന്നലെ 404 പേർക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിലുമായി കൊവിഡ് ബാധിതരുടെ എണ്ണം 1,24,335 കവിഞ്ഞു. ആകെ 642 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.