ലോക്ക്ഡൗണ്‍ കാലത്ത് ഓര്‍മ്മ ചിത്രങ്ങള്‍ പലതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് സിനിമാ താരങ്ങള്‍. മലയാളത്തിലും തമിഴിലും ഒരുപോലെ താരമായ മീന തന്റെ ഹൃദയം തകര്‍ന്ന ദിവസത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് മീനയുടെ ഹൃദയം തകര്‍ത്തുകളഞ്ഞത്.
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ കണ്ടുമുട്ടിയ ദിവസത്തെക്കുറിച്ചുളളതായിരുന്നു മീനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. "എന്റെ ഹൃദയം തകര്‍ന്ന ദിവസം. ബംഗളൂരുവില്‍ അദ്ദേഹത്തിന്റെ വിവാഹാനന്തര ഒത്തുചേരലിനിടെ എന്റെ എക്കാലത്തെയും പ്രിയങ്കരനായ നടനെ കണ്ടുമുട്ടി" എന്ന കാപ്ഷനോടെയാണ് മീന ഹൃത്വിക്കിനൊപ്പമുളള ചിത്രം പങ്കുവച്ചത്..തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന.
1982 ല്‍ 'നെഞ്ചങ്കള്‍' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. 'സാന്ത്വനം' എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു.മിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച അപൂര്‍വം നായികമാരില്‍ ഒരാളാണ് മീന. രജനീകാന്തിനെ നായകനാക്കി സംവിധായകന്‍ ശിവ അണിയിച്ചൊരുക്കുന്ന 'അണ്ണാത്തെ' ആണ് മീനയുടെ അടുത്ത ചിത്രം..