supriya

ഈ ലോക്ക ഡൗൺകാലത്ത് മലയാള ചലച്ചിത്രം 'ആടുജീവിത'വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്.എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ വിരഹകാലമാണ് ഈ കടന്നുപോവുന്നത് എന്നാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പറയുന്നത്.

പൃഥ്വിരാജിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് സുപ്രിയ. ഇന്നേക്ക് 77 ദിവസമായി പൃഥ്വി പോയിട്ടെന്നും തമ്മില്‍ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ആദ്യമായിട്ടാണെന്നും സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. എട്ടു വര്‍ഷം മുന്‍പ് പൃഥ്വിയ്ക്ക് ഒപ്പമുള്ളൊരു ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.

'മോളിയാന്റി റോക്ക്സ്' എന്ന ചിത്രത്തിന്റെ പാലക്കാട്ടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം.വേനല്‍മഴയില്‍ അപ്രതീക്ഷിതമായി എത്തിയ മഴവില്ലിന്റെ ചിത്രവും അടുത്തിടെ സുപ്രിയ പങ്കുവച്ചിരുന്നു. "മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ അസ്വസ്ഥമായ കാലത്ത്, പുറത്തുവിരിഞ്ഞ ഇരട്ട മഴവില്ല് വരാനിരിക്കുന്നത് മികച്ച സമയങ്ങളാണെന്ന പ്രതീക്ഷയുടെ ഒരു തിളക്കം എനിക്ക് നല്‍കുകയാണ്. ഇത് മുകളില്‍ നിന്നുള്ള അടയാളമാണോ?," എന്നായിരുന്നു സുപ്രിയയുടെ ചോദ്യം. #WaitingForPrithviToReturn എന്ന ഹാഷ് ടാഗോടെയായിരുന്നു സുപ്രിയ ചിത്രം പങ്കുവച്ചത്.സുപ്രിയയെ ആശ്വസിപ്പിച്ച് നിരവധിപേർ പോസ്റ്റിന് താഴെ എത്തി..