വ്യാപാരികളുടെ പ്രശ്‌നങ്ങൾക്കും പരിഹാരം വേണം
കൊച്ചി: കാർഷിക, ചെറുകിട മേഖലയിൽ ഉൾപ്പെടെ താഴേക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നല്ല ചുവടുവയ്പാണ് 'ആത്മനിർഭർ ഭാരത്" സാമ്പത്തിക പാക്കേജ് എന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
''ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകണമെന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്. അവിടെയാണ് കർഷകരും ചെറുകിട വരുമാനക്കാരും ഉൾപ്പെടെയുള്ള സാധാരണക്കാർ. ലോക്ക്ഡൗണിൽ ഏറ്റവുമധികം പ്രതിസന്ധി ഉണ്ടായത് ഗ്രാമീണ, കാർഷിക, ചെറുകിട മേഖലയ്ക്കാണ്. ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾക്കാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഊന്നൽ നൽകുന്നത്" - ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
പ്രയാസപ്പെടുന്നവർക്ക് നേരിട്ട് പണം നൽകുന്നതിനേക്കാൾ, അവർ ജോലി ചെയ്യുന്ന മേഖലയുടെ 'ഉത്‌പാദനക്ഷമത" വർദ്ധിപ്പിച്ച് വ്യക്തിക്കും മേഖലയ്ക്കും ഒരുപോലെ ഉണർവേകുന്നതാണ് വായ്‌പാ സ്‌കീമുകൾ. മൂലധന പിന്തുണ തന്നെയാണ് ഇപ്പോൾ വേണ്ടതും. എന്നാൽ, ആനുകൂല്യങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.
കേരളത്തിലും ഒരുപാട് കാർഷികോത്‌പന്നങ്ങളുണ്ട്. അവയെ നല്ല ബ്രാൻഡാക്കി മാർക്കറ്റ് ചെയ്യാനുള്ള അവസരമൊരുക്കണം. ചെറുകിട വ്യവസായങ്ങൾക്കുള്ള സ്‌കീമുകളും കേരളത്തിന് പ്രയോജനപ്പെടുത്താനാകും.
ഒരുവർഷത്തേക്ക് പി.എഫ്
വിഹിതം ഉപേക്ഷിക്കണം
തൊഴിലില്ലായ്‌മ ബത്ത നൽകാൻ ഇ.എസ്.ഐ കോർപ്പറേഷന്റെ 91,000 കോടി രൂപ പ്രയോജനപ്പെടുത്തണം.
വൈദ്യുതി ഫിക്‌സഡ് ചാർജും ഒഴിവാക്കണം.
ഏറ്റവുമധികം തൊഴിൽ നൽകുന്ന മേഖലയാണെങ്കിലും വ്യാപാര സമൂഹത്തെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി സർക്കാർ കാണുന്നില്ല. രക്ഷാപാക്കേജുകളിൽ വ്യാപാരലോകത്തിനും സഹായങ്ങൾ വേണം. എത്ര വലിയ ഉത്പാദകർ ഉണ്ടെങ്കിലും ഉത്‌പന്നങ്ങൾ അന്തിമമായി വിറ്റഴിക്കുന്നത് വ്യാപാരികളാണ്.
ഇ.എസ്.ഐയിൽ ഇൻഷ്വർ ചെയ്‌തിട്ടുള്ള തൊഴിലാളികൾക്ക് തൊഴിലില്ലായ്‌മ ബത്ത നൽകാൻ കേന്ദ്രം ഇ.എസ്.ഐ കോർപ്പറേഷന്റെ 91,000 കോടി രൂപയുടെ കരുതൽ ധനം പ്രയോജനപ്പെടുത്തണം. ഇതിന് ഇ.എസ്.ഐ നിയമപരമായി ബാദ്ധ്യസ്ഥമാണ്.
ഇ.പി.എഫ് വിഹിതം ധനമന്ത്രി 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് 12 മാസത്തേക്ക് ഇ.പി.എഫ് ബാദ്ധ്യത ഒഴിവാക്കിയാൽ കമ്പനികൾക്കും തൊഴിലാളികൾക്കും സാമ്പത്തികമായി ആശ്വാസമാകും. അതുപോലെ, വൈദ്യുതി ഫിക്‌സഡ് ചാർജും ഒഴിവാക്കണം.
കൊവിഡ് പ്രതിരോധമാണ് മുഖ്യം
മനുഷ്യജീവനാണ് എല്ലാത്തിനേക്കാളും പ്രാധാന്യം. എന്നാൽ ഉപജീവന മാർഗം ഇല്ലാതെ എന്ത് ജീവിതം? നിയന്ത്രണങ്ങൾക്ക് വിധേയമായി വലിയ വസ്‌ത്രവ്യാപാര ശാലകൾ തുറക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നു. 'സാമൂഹിക അകലം" ഉറപ്പാക്കാനാവുക വലിയ വ്യാപാര സ്ഥാപനങ്ങൾക്കാണ്.
വിഷു, ഈസ്‌റ്റർ, റംസാൻ, അവധിക്കാലം എന്നിങ്ങനെ ടെക്‌സ്‌റ്രൈൽ മേഖലയ്ക്ക് മികച്ച വില്പന കിട്ടേണ്ട സീസണാണ് കൊവിഡിൽ പൊലിഞ്ഞത്. ജൂണും ജൂലായും മഴക്കാലമാണ്. ആഗസ്‌റ്റ്-സെപ്തംബറിലേക്കും മഴ നീണ്ടേക്കാമെന്ന് പറയുന്നു. ഓണക്കാലത്തും വിപണി സജീവമാകാനിടയില്ല.
"കൊവിഡ് പൂർണമായും തുടച്ചുനീക്കപ്പെടും വരെ വിപണി ഇഴഞ്ഞുനീങ്ങാനാണ് സാദ്ധ്യത. കൊവിഡിനെ തുരത്താനുള്ള മരുന്ന് എത്രയും വേഗം സൃഷ്‌ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ, അതാണ് പ്രാർത്ഥന" - ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.