saniya

ലോക്ക് ഡൗൺ കാലം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയേയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. വീട്ടിലിരിക്കുന്നതോ, പുറത്തിറങ്ങാൻ പറ്റാത്തതോ ഒന്നുമല്ല കാരണം.. സാനിയയും മകന്‍ ഇസ്‌ഹാനും ഹൈദരാബാദിലും, സാനിയയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് അങ്ങ് പാക്കിസ്ഥാനിലുമാണ്. രണ്ട് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ, ടൂര്‍ണമെന്റുകൾക്കായി നിര്‍ത്താതെ യാത്ര ചെയ്യുകയായിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് യുഎസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. ഈ സമയം മാലിക് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുകയായിരുന്നു.

"അതിനാല്‍ അദ്ദേഹം പാകിസ്ഥാനില്‍ കുടുങ്ങി, ഞാന്‍ ഇവിടെയും. ഞങ്ങള്‍ക്ക് ഒരു ചെറിയ കുട്ടി ഉള്ളതിനാല്‍ ഈ അവസ്ഥ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇസ്‌ഹാന് എപ്പോഴാണ് പിതാവിനെ വീണ്ടും കാണാന്‍ കഴിയുകയെന്ന് അറിയില്ല," ഒരു ദേശീയ മാധ്യമവുമായുള്ള ഫേസ് ബുക്ക് ലൈവിലാണ് സാനിയ ഇക്കാര്യം പറഞ്ഞത്. എപ്പോഴാണ് കുടുംബമായി ഒന്നിക്കുക എന്ന ചിന്ത മാത്രമാണ് ഇപ്പോൾ മനസിൽ. എല്ലാം വിധിക്ക് വിട്ടിരിക്കുകയാണെന്നും സാനിയ പറയുന്നു.എന്നാല്‍ ഇത്തരമൊരു സാഹചര്യത്തിൽ ഷോയിബ് തന്‍റെ വയോധികയായ അമ്മയ്ക്കൊപ്പം കഴിയുന്നതും നല്ല കാര്യം തന്നെയാണെന്നും സാനിയ ആശ്വസിക്കുന്നു. 'ഞങ്ങൾ രണ്ടു പേരും കാര്യങ്ങളെ പോസിറ്റീവായും പ്രായോഗികമായും സമീപിക്കുന്നവരാണ്. അദ്ദേഹത്തിന്‍റെ അമ്മ 65 വയസിന് മുകളിൽ പ്രായമുള്ള ആളാണ്. തനിയെ കഴിയുന്ന അവർക്കൊപ്പം ഷോയിബ് ഉണ്ടാകേണ്ടത് തന്നെയാണ്. എല്ലാവരും ആരോഗ്യത്തോടെ തന്നെ ഇതിനെയെല്ലാം അതിജീവിച്ച് പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.'

കുടുംബത്തിനൊപ്പം പഴയത് പോലെ കഴിയാനാണ് ഞാനിപ്പോൾ കാത്തിരിക്കുന്നത്. ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നത് എനിക്കോ പിതാവിൽ നിന്ന് അകന്നു കഴിയുന്നത് ഇസാനോ അത്ര എളുപ്പമുള്ള കാര്യമല്ല. വീഡിയോ കോളുകളും മറ്റും ഒരാളെ നേരിൽക്കാണുന്നതിന് പകരം വയ്ക്കാനുമാകില്ല. ആലിംഗനവും ഷേക്ക് ഹാൻഡും പഴയത് പോലെ സാധാരണമാകുന്ന ഒരു സാധാരണ ലോകത്തിനായാണ് ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത്.'

ഒരേസമയം ഒന്നിലധികം വികാരങ്ങളാണ് സാനിയയുടെ മനസിലൂടെ കയറിയിറങ്ങുന്നത്. ടെന്നീസ് എന്നത് ഇപ്പോള്‍ മനസിൽ ഇല്ല. "സാധാരണ എനിക്ക് ഉത്കണ്‌ഠയുടെ പ്രശ്നങ്ങള്‍ ഇല്ലാത്തതാണ്. എന്നാല്‍ കുറച്ചുദിവസം മുമ്പ് ഒരു കാരണവുമില്ലാതെ എനിക്ക് വല്ലാത്ത ആശങ്ക തോന്നി. വളരെയധികം അനിശ്ചിതത്വമാണ് ചുറ്റും. ഞാന്‍ വെറുതേ കിടന്ന് കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. വീട്ടില്‍ ഒരു ചെറിയ കുട്ടിയുണ്ട്. സ്വയം എങ്ങനെ സംരക്ഷിക്കാമെന്നും കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കാമെന്നും നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് പ്രായമായ മാതാപിതാക്കളുണ്ട്. അപ്പോള്‍, നിങ്ങള്‍ ശരിക്കും ജോലിയെക്കുറിച്ചോ ടെന്നീസിനെക്കുറിച്ചോ ഒന്നും ചിന്തിക്കില്ല." സാനിയ പറഞ്ഞു.