kill

ബാർസ: അത് കൊവിഡ് മരണമല്ല, ഞാൻ കൊന്നതാണ്. അഞ്ച് വയസുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് തുർക്കി ഫുട്‌ബോൾ താരത്തിന്റെ വെളിപ്പെടുത്തലും പിന്നാലെ അറസ്റ്റും ഉണ്ടായ അറസ്റ്റിലും ഞെട്ടിയിരിക്കുകയാണ് ഫുട്‌ബോൾ ലോകം. സെവ്ഹർ ടോക്ടാസാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകം നടത്തിയത്. മകൻ കാസിം കോവിഡ് ബാധമൂലം മരണപ്പെട്ടുവെന്നാണ് എല്ലാവരും വിചാരിച്ചതെങ്കിലും താൻ കൊലപ്പെടുത്തിയതാണെന്ന് സെവ്ഹർ വെളിപ്പെടുത്തുകയായിരുന്നു.

കൊവിഡ് രോഗലക്ഷണമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പനിയും ചുമയും കാരണം ഏപ്രിൽ അവസാനവാരത്തോടെ കാസിമിനെ ബാർസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയം നിലനിന്നതിനാൽ സെവ്ഹറിനെയും മകൻ കാസിമിനെയും ഐസലേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, മെയ് നാലിന് സെവ്ഹർ മകനെ കൊലപ്പെടുത്തുകയായിരുന്നു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് താരം കുറ്റം സമ്മതിച്ചു.

മകനെ സ്‌നേഹിക്കാൻ തോന്നുന്നില്ലാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് അദ്ദേഹം കൊലപാതക കാരണമായി പറഞ്ഞത്.കൊലപ്പെടുത്തിയ ശേഷം കാസിമിന് ശ്വാസം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് സെവ്ഹർ ഡോക്ടറെ വിളിച്ചുവരുത്തുകയും കാസിമിനെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് കാസിം മരണത്തിന് കീഴടങ്ങിയത്.

കാസിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും കൊവിഡ് മൂലമാണ് മരണമെന്നാണ് എല്ലാവരും കരുതി. എന്നാൽ,കൊലപാതകം നടത്തി രണ്ടാഴ്ചയോട് അടുക്കെ സെവ്ഹർ നടത്തിയ വെളിപ്പെടുത്തലാണ് സത്യം പുറത്തെത്തിച്ചത്. സ്വന്തം മകനെകൊലപ്പെടുത്തിയ സെവ്ഹറിന്റെ മാനസിക നില ശരിയല്ലെന്നാണ് റിപ്പോർട്ടുകളുള്ളത്. എന്തായാലും ഫുട്‌ബോൾ ലോകത്തെ ആകെ ഞെട്ടിപ്പിക്കുന്ന പ്രവർത്തിയാണ് സെവ്ഹർ നടത്തിയത്. തുർക്കിയിലെ ഒന്നാം ഡിവിഷൻ ലീഗായ ടർക്കിഷ് സൂപ്പർ ലീഗിൽ ഹാസെറ്റെപ് എസ്‌കെയ്ക്കുവേണ്ടിയാണ് സെവ്ഹർ കളിക്കുന്നത്.