lockdownb

ന്യൂഡൽഹി: മൂന്നാംഘട്ട ലോക്ഡൗൺ രാജ്യത്ത് നാളെ അവസാനിക്കുകയാണ്. ശക്തമായ നിർദ്ദേശങ്ങൾക്കിടയിലും രോഗം പിൻവാങ്ങാതെ നിൽക്കുന്ന കാഴ്ചയാണ് രാജ്യത്ത് മിക്കയിടങ്ങളിലും കാണുന്നത്. നാലാംഘട്ട ലോക്ഡൗൺ തുടങ്ങുമ്പോൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങളും കൂടുതൽ അയവ് കേന്ദ്രനിർദ്ദേശങ്ങളിൽ പ്രതീക്ഷിക്കുകയാണ്.

ഒരു സംസ്ഥാനവും പൂർണ്ണമായ ലോക്ഡൗൺ ഇളവ് തേടുന്നില്ല. എന്നാൽ കോളേജ്, സ്കൂൾ, മാളുകൾ, സിനിമ തീയേറ്ററുകൾ എന്നിവ രാജ്യമൊട്ടാകെ അടഞ്ഞ് തന്നെ കിടക്കും. സലൂണുകൾ, ബാർബർഷോപ്പുകൾ എന്നിങ്ങനെ മൂന്നാംഘട്ട ലോക്ഡൗണിൽ അനുവദിക്കാത്തവ റെഡ്സോണുകളിൽ പോലും അനുവദിക്കും. നിലവിൽ ഇവ ഓറഞ്ച്, ഗ്രീൻ സോണുകളിൽ മാത്രമാണ് തുറക്കാൻ അനുമതി. കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം ഒന്നിനും അനുമതിയില്ലാത്ത കർശന നിയന്ത്രണം തുടരും.

സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യമായ ഭേദഗതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. പഞ്ചാബ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര,ആസാം,തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് സോണുകൾ തിരിക്കാനുള്ള കൂടുതൽ അധികാരം നൽകണമെന്ന് പഞ്ചാബും ത്രിപുരയും ആവശ്യപ്പെട്ടിരിക്കുകയാണ്.

ബസ്,ട്രെയിൻ,വിമാന യാത്രക്കുള്ള അനുമതിയും നിർദ്ദേശങ്ങളും വരുംദിനങ്ങളിൽ നൽകുമെന്ന് കേന്ദ്രം സൂചിപ്പിച്ചു കഴിഞ്ഞു. എന്നാൽ മേയ് മാസം അവസാനം വരെ ട്രെയിൻ, വിമാന ഗതാഗതം അനുവദിക്കുന്നതിനെ പ്രതികൂലിക്കുകയാണ് തമിഴനാട്, കർണാടകം,ബീഹാർ എന്നീ സംസ്ഥാനങ്ങൾ. എന്നാൽ റെഡ് സോണുകളിൽ തന്നെ അസുഖം രൂക്ഷമല്ലാത്തയിടങ്ങളിൽ തന്നെ ലോക്കൽ ട്രെയിനുകളും മെട്രോ റെയിലും ബസും അനുവദിക്കുന്നത് സർക്കാർ പരിഗണനയിലാണ്.

മാർക്കറ്രുകളും സംസ്ഥാനവിപണിയും വിവിധ സോണുകളിൽ തുറക്കുവാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇ-വ്യാപാരവും കണ്ടെയ്ൻമെന്റ് മേഖലകളിലല്ലാത്തയിടങ്ങളിൽ അനുവദിക്കാൻ തന്നെയാണ് സാധ്യത. ഓരോ സംസ്ഥാനങ്ങളുടെയും രോഗബാധമൂലമുള്ള അവസ്ഥകൾ വ്യത്യസ്തമായതിനാൽ ലോക്ഡൗൺ ഇളവുകൾക്ക് അവർക്ക് തന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന ബോദ്ധ്യം കേന്ദ്രസർക്കാരിനുണ്ട്.