ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിന് ശക്തി പകരാൻ ഇന്ത്യയ്ക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഈ മഹാമാരിയുടെ കാലത്ത് അമേരിക്ക ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘ഇന്ത്യയിലെ സുഹൃത്തുക്കൾക്ക് അമേരിക്ക വെന്റിലേറ്ററുകൾ സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഈ പകർച്ചവ്യാധിയുടെ സമയത്ത് ഞങ്ങൾ ഇന്ത്യയോടും നരേന്ദ്രമോദിയോടും ഒപ്പം നിൽക്കുന്നു. വാക്സിൻ വികസനത്തിനും സഹകരിക്കുന്നു. നാം ഒരുമിച്ച് അദൃശ്യ ശത്രുവിനെ തോൽപ്പിക്കും.’’ - ട്രംപ് ട്വീറ്റിൽ പറഞ്ഞു.
ഏകദേശം 10 ലക്ഷം രൂപ വില വരുന്ന 200 മൊബൈൽ വെന്റിലേറ്ററുകളാണ് യു.എസ് ഇന്ത്യയിലേക്ക് അയക്കുന്നത്
കയറ്റുമതി ചെയ്യുന്നത്. മെയ് മാസം അവസാനവാരമോ ജൂൺ ആദ്യവാരമോ വെന്റിലേറ്ററുകൾ ഇന്ത്യയിൽ എത്തും.
അതേസമയം വർഷാവസാനത്തോടെ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവിനെ നിയമിച്ചുകൊണ്ട് ‘‘ഓപ്പറേഷൻ റാപ് സ്പീഡ്” എന്ന പ്രോജക്ടിന് കീഴിൽ വാക്സിൻ കണ്ടെത്താനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
നന്ദി പറഞ്ഞ് മോദി
കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യയ്ക്ക് സഹായം നൽകുമെന്ന് പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റിന് നന്ദി പറഞ്ഞ് മോദി. ഈ മഹാമാരിയെ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്. ലോകത്തെ ആരോഗ്യകരവും കൊവിഡ് മുക്തവുമാക്കാൻ എല്ലാ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണം. ഇന്ത്യ-അമേരിക്ക സൗഹൃദം കൂടുതൽ ദൃഢമാവുന്നുവെന്ന് ട്രംപിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.