നോംപെൻ: കംബോഡിയയിലെ അവസാനത്തെ കൊവിഡ് രോഗിയും ആശുപത്രി വിട്ടു. ഇതോടെ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ കംബോഡിയ കൊവിഡ് മുക്തമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാലും മുൻകരുതലുകൾ നടപടി തുടരും. സ്കൂളുകളും അതിർത്തികളും അടഞ്ഞു തന്നെ കിടക്കും. ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദേശിക്കുന്നവർ അത് കർശനമായി പാലിക്കണം. 122 പേർക്കാണ് കംബോഡിയയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല.
കംബോഡിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ബാൻതെ മിയൻചെയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അവസാന കൊവിഡ് രോഗിയായ 36കാരി ഇന്നാണ് രോഗമുക്തമായി ആശുപത്രിവിട്ടത്. ഏപ്രിൽ 12നാണ് കംബോഡിയയിൽ അവസാനമായി ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ജനുവരി മുതൽ 14,684 കൊവിഡ് പരിശോധനകൾ രാജ്യത്ത് നടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.