കൊല്ലം: അന്തർ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാനിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോട്ടയം അതിരമ്പുഴ ചെറിയപള്ളിക്കടയിൽ ബിബിൻബാബു(23)വിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ ആക്രമിച്ച് കഞ്ചാവ് കേസ് പ്രതിയെ രക്ഷപ്പെടുത്തിയതും, പൊലീസിനു നേരെ ബോംബെറിഞ്ഞതും, കൊലപാതക ശ്രമവും, വീടുകയറിയുള്ള ആക്രമണവും, ക്വട്ടേഷൻ പ്രവർത്തനവും, മയക്കുമരുന്ന് കേസുകളും, ഗുണ്ടാ ആക്ടും ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾക്ക് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് ബിബിൻബാബു.
നിലമേൽ വേയ്യ്ക്കൽ ഭാഗത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചടയമംഗലം പോലീസ് ഇയാൾക്ക് വേണ്ടി വലവിരിച്ചിരിക്കുകയായിരുന്നു. ബിബിൻബാബു സഞ്ചരിച്ചിരുന്ന കാറിനെ പൊലീസ് പിന്തുടർന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോൾ കാർ ഉപേക്ഷിച്ച് തോട് ചാടിക്കടന്നു മലമുകളിലേക്ക് ഓടിയ പ്രതിയെ മല ഓടിക്കയറിയാണ് പൊലീസ് സാഹസികമായി കീഴ്പ്പെടുത്തിയത്.
വാടകയ്ക്ക് എടുക്കുന്ന കാറുകളാണ് കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്നത്. പ്രതിയുമായുള്ള മൽപിടിത്തതിൽ എസ്. ഐ ശരലാലിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. എസ്.ഐ ശരലാലിന് പുറമെ സിവിൽ പൊലീസ് ഓഫീസർമാരായ അജീഷ്, ബിനീഷ്, അനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെയും വാഹനവും കോട്ടയം പൊലീസിന് കൈമാറി.