bolsonaro
BOLSONARO

സാവോ പോളോ: ബ്രസീൽ കൊവിഡ്​ 19 വൈറസിനെ നേരിടുന്നതിൽ സ്വീകരിക്കുന്ന നടപടികളിൽ അതൃപ്​തി രേഖപ്പെടുത്തി ആരോഗ്യമന്ത്രി നെൽസൺ ടെയിച്ച്​ രാജിവച്ചു. സ്ഥാനമെറ്റടുത്ത്​ ഒരു മാസത്തിനുള്ളിലാണ്​ രാജി. ലോകത്തിൽ തന്നെ കോവിഡി​ന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ബ്രസീൽ മാറിയിരുന്നു. പ്രസിഡന്റ് ബോൾസനാരോയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ്​ രാജിയെന്നാണ്​ സൂചന. കൊവിഡ്​ രോഗികൾക്ക്​ ഹൈഡ്രോക്​സിക്ലോറോക്വിൻ നൽകുന്നതുമായി ബന്ധപ്പെട്ടും സമ്പദ്​വ്യവസ്ഥയിൽ ഇളവുകൾ അനുവദിക്കുന്നതിലും ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെന്നാണ്​ റിപ്പോർട്ടുകൾ. അതേസമയം,​ കൊവിഡ്​ ഭീഷണിക്കിടെ ബ്രസീലിൽ രാജിവെക്കുന്ന രണ്ടാമത്തെ ആരോഗ്യമന്ത്രിയാണ്​ ടെയിച്ച്​. നേരത്തെ ലൂയിസ് ഹെന്റിക് മാൻഡേറ്റയും രാജിവെച്ചിരുന്നു. കൊവിഡ് രോഗ ബാധ അനിയന്ത്രിതമായി തുടരുകയും മരണ സംഖ്യ 14,000 പിന്നിടുകയും ചെയ്ത ബ്രസീലിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നതാണ് ടെയിച്ചിന്റെ രാജി. ജിം, ബ്യൂട്ടിപാർലർ തുടങ്ങിയവ​യെല്ലാം തുറക്കാമെന്ന്​ ബോൾസനാരോ ഉത്തരവിട്ടിരുന്നു. ബ്രസീൽ കൊവിഡ്​ 19 വൈറസ്​ ബാധയെ നേരിടുന്നതിനായി സ്വീകരിച്ച നടപടികൾക്കെതിരെ ആഗോളതലത്തിൽ വ്യാപക വിമർശനമുയർന്നിരുന്നു.