ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട അവരുടെ സ്പോർട്ടി സ്കൂട്ടറായ ഡിയോ ബി.എസ് 6ന്റെ വില വർധിപ്പിച്ചു. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്കൂട്ടർ വില്പനക്കെത്തിയത്.സ്റ്റാൻഡേർഡ് പതിപ്പിന് 60,542 രൂപയും ഡീലക്സ് പതിപ്പിന് 63,892 രൂപയുമാണ് എക്സ്ഷോറൂം വില. ഏകദേശം 552 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.
2020 മാർച്ചിലാണ് പുത്തൻ ഡിയോയെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ് പതിപ്പിന് 59,990 രൂപയും ഡീലക്സ് പതിപ്പിന് 63,340 രൂപയുമായിരുന്നു അന്ന് വാഹനത്തിന്റെ ദില്ലി എക്‌സ് ഷോറൂം വില. എന്താണ് വില കൂട്ടാനിടയായ സാഹചര്യം എന്ന് ഹോണ്ട വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ഹീറോയും ആക്ടിവ 125, ആക്ടിവ 6G, എസ്.പി 126 മോഡലുകളുടെയും വില വർധിപ്പിച്ചിരുന്നു. 552 രൂപയുടെ വർധനവാണ് ഈ മോഡലുകളിലും കമ്പനി വരുത്തിയത്.
110 സിസി സ്കൂട്ടറിന്റെ രണ്ട് വേരിയന്റുകളുടെയും കളർ ഓപ്ഷനുകളും ഫീച്ചറുകളും വ്യത്യസ്തമാണ്. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാൻഡി ജാസി ബ്ലൂ, സ്പോർട്സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നീ നാല് കളർ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് പതിപ്പ് ലഭിക്കും. അതേസമയം, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, ഡാസൽ യെല്ലോ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളിലാണ് ഡീലക്സ് പതിപ്പ് ലഭിക്കുന്നത്. കൂടാതെ ഡീലക്സ് പതിപ്പിന് സ്വർണ നിറമുള്ള ചക്രങ്ങളാണ് നൽകിയിരിക്കുന്നത്.
ഹോണ്ട ആക്റ്റിവ 6ജി ഉപയോഗിക്കുന്നതും ബിഎസ് 6ന്റെ അതേ 110 സിസി എൻജിനാണ് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ ഹൃദയം. സൈലന്റ് - സ്റ്റാർട്ട് സംവിധാനവും ഹോണ്ട പുത്തൻ ഡിയോയിൽ ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാർട്ടർ മോട്ടറിന് പകരം എസി ജനറേറ്റർ ഉപയോഗിക്കുന്ന ഹോണ്ടയുടെ എസിജി സ്റ്റാർട്ടർ മോട്ടറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രൂമെന്റ് ക്ലസ്റ്റർ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്. റിയൽ ടൈം മൈലേജ്, എത്ര ദൂരം സഞ്ചരിക്കാം തുടങ്ങിയ വിവരങ്ങളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ലഭിക്കും.