
ന്യൂയോർക്ക് : ലോകത്തോട് ചൈന എന്താണ് മറച്ചു വയ്ക്കുന്നത് ? രോഗികളുടെ യഥാർത്ഥ കണക്കുകൾ ചൈനീസ് ഭരണകൂടം ഒളിപ്പിക്കുകയാണോ ? ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ആക്കം കൂട്ടി ചൈനയുടെ കള്ളക്കളികൾ പുറത്താക്കുന്ന പുതിയ രേഖകൾ പുറത്തായതായി റിപ്പോർട്ട്.ചൈനീസ് മിലിട്ടറിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു യൂണിവേഴ്സിറ്റിയിൽ നിന്നും ചോർന്ന ഡേറ്റാബേസിൽ ചൈനയിൽ കുറഞ്ഞത് 6,40,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിലവിൽ ഇതേവരെ 82,941 കൊവിഡ് കേസുകളാണ് രാജ്യത്ത് ഉണ്ടായതെന്നാണ് ചൈനയുടെ വാദം. എന്നാൽ മിക്ക രാജ്യങ്ങളും ഈ കണക്കുകളിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ചൈന യഥാർത്ഥ കണക്കുകൾ ഒളിയ്ക്കുന്നതായി അമേരിക്ക നേരത്തെ തന്നെ ആരോപിച്ചിരുന്നു.
ചൈനയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് ഡിഫെൻസ് ടെക്നോളജിയുടെ വൈറസ് ട്രാക്കർ ഡേറ്റാബേസാണ് അമേരിക്കയുടെ ഫോറിൻ പോളിസി മാഗസിന് ചോർന്ന് കിട്ടിയത്. ഇതോടെ കഴിഞ്ഞ വർഷം വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസിനെ പറ്റിയുള്ള യഥാർത്ഥ വിവരങ്ങൾ ചൈനീസ് ഭരണകൂടം മറച്ചു വയ്ക്കുന്നതായുള്ള ആരോപണങ്ങൾ ശക്തിപ്പെടുകയാണ്.230 ചൈനീസ് നഗരങ്ങളിലായി 6,40,000 ലേറെ കേസുകൾ റെക്കോർഡ് ചെയ്യപ്പെട്ടതിന്റെ രേഖകൾ ഡേറ്റാബേസിലുണ്ട്. ഫെബ്രുവരി ആദ്യം മുതൽ ഏപ്രിൽ അവസാനം വരെയുള്ള കണക്കുകളാണിത്. രോഗം സ്ഥിരീകരിക്കുന്ന സ്ഥാനവും റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് സെൻട്രൽ മിലിട്ടറി കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറിന്റെ നേതൃത്വത്തിലാണ് ഡേറ്റ തയാറാക്കപ്പെട്ടതെന്നാണ് വിവരം. ചൈനയിലെ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്കൂളുകൾ തുടങ്ങിയവയുടെ സ്ഥാനത്തെ പറ്റിയുള്ള വിവരങ്ങളും ഡേറ്റാബേസിലുണ്ട്.
വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇതേ വരെ 4,633 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന വാദം ഇപ്പോഴും സംശയ നിഴലിലാണ്. വൈറസിന്റെ ഉത്ഭവത്തെ പറ്റി പഠിക്കാൻ യു.എസ് ഗവേഷകർ ചൈനയിൽ എത്തുന്നത് ചൈനീസ് ഭരണകൂടം തടഞ്ഞിരുന്നു. ചൈനീസ് മാദ്ധ്യമങ്ങൾ കഴിഞ്ഞാഴ്ച പെട്ടെന്ന് വുഹാനിലെ മരണ നിരക്കിൽ 50 ശതമാനം വർദ്ധനവുണ്ടാക്കിയതും സംശയങ്ങൾ ബലപ്പെടുത്തിയിരുന്നു. ലോകത്ത് എല്ലാ രാജ്യങ്ങളിലെയും കൊവിഡ് രോഗികളുടെ കണക്ക് ശേഖരിക്കുന്ന പ്രസിദ്ധമായ ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയ്ക്ക് ചൈനയിലെ ഡോക്ടർമാരുടെ ഓൺലൈൻ കമ്മ്യൂണിറ്റിയായ ഡി.എക്സ്.വൈയിലൂടെയാണ് ഇതേവരെയുള്ള രാജ്യത്തെ കൊവിഡ് കണക്കുകൾ ലഭിച്ചത്. അതുകൊണ്ട് തന്നെ ചൈനയിലെ കണക്കുകൾ കൃത്യമല്ലെന്ന് കൂടുതൽ പേരും വിശ്വസിക്കുന്നു.
മാർച്ച് 17ന് ഹാർബിൻ പ്രവിശ്യയിലെെ ഒരു ചർച്ചിലും മാർച്ച് 14ന് സെൻജിയാംഗിൽ കെ.എഫ്.സി റെസ്റ്റോറന്റിലും രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ചോർന്ന് കിട്ടിയ ഈ റിപ്പോർട്ടിന്റെ പൂർണ രൂപം വെളിപ്പെടുത്തിയിട്ടില്ല. ചൈന യഥാർത്ഥ രോഗികളുടെ എണ്ണം മറച്ചു വയ്ക്കുന്നതായി യു.എസ് ഇന്റലിജൻസ് ഏജൻസികളും നേരത്തെ വൈറ്റ്ഹൗസിൽ അറിയിച്ചിരുന്നു.