liquor

ചെന്നൈ: മദ്യഷാപ്പുകൾ ഇങ്ങനെ അടഞ്ഞുകിടന്നാൽ മദ്യപാനികളുടെ ക്ഷമ നശിക്കില്ലേ !ഇങ്ങനെ, ക്ഷമയുടെ നെല്ലിപ്പലക കണ്ട മേട്ടപ്പാളയം തിരുവള്ളൂർ സ്വദേശി മഹേന്ദ്രൻ ആ രാത്രി കടും കൈ ചെയ്തു. രാത്രി ജീവനക്കാർ കാണാതെ ഓടിളക്കി മദ്യഷോപ്പിൽ കയറിപ്പറ്റി. എന്നാൽ, മാസങ്ങൾക്ക് ശേഷം മദ്യക്കുപ്പികൾക്ക് മുന്നിൽപ്പെട്ട മഹീന്ദ്രന്റെ മനസിനെ പിടിച്ച് നിർത്താനായില്ല.

ഒരു കുപ്പി പൊട്ടിച്ച് അടി തുടങ്ങി. മദ്യ സേവ തുടർന്നതോടെ കാലുറയ്ക്കാത്ത സ്ഥിതിയായി.നാളെയും ഈ സാഹസത്തിന് മുതരണ്ടല്ലോന്ന് എന്നോർത്ത് ഒന്ന് രണ്ട് കുപ്പി കൈയിലും കരുതി. എന്നാൽ, കുപ്പികളുടെ കൂട്ടിമുട്ടൽ മഹേന്ദ്രജാലം പൊളിച്ചു. ജീവനക്കാരനെത്തി കൈയോടെ പൊക്കി. മാനേജർ എത്തി ഷോപ്പ് തുറന്നു നോക്കുമ്പോഴാണ് തൊണ്ടി സഹിതം മഹേന്ദ്രൻ കാലുറയ്ക്കാതെ നിൽക്കുന്നത് കണ്ടത്.

പൊലീസ് എത്തി മഹേന്ദ്രനെ അറസ്റ്റ് ചെയ്യുകയായിരുന്നു.മേട്ടുപ്പാളയം ബസ് സ്റ്റാൻഡിന് സമീപത്തെ മൂന്ന് സർക്കാർ മദ്യ വില്പനശാലകൾക്ക് തൊട്ടടുത്ത് പൊലീസ് കാവൽ നിൽക്കേയായിരുന്നു ഇയാളുടെ സാഹസികത. മൂന്ന് ഷോപ്പുകൾക്കുമായി ഒരു ജീവനക്കാരനാണ് രാത്രിയിലുണ്ടായിരുന്നത്. അതിനിടെയാണ് ഷോപ്പ് നമ്പർ 7785ൽ മഹേന്ദ്രൻ കയറിപ്പറ്റിയത്.