ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടെത്തിയതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർദ്ധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു.
കൊവിഡിന്റെ മാരക പ്രത്യാഘാതമായ ന്യൂമോണിയ, വാക്സിൻ പരീക്ഷിച്ച കുരുങ്ങുകൾക്കു പിടിപെട്ടില്ല.
ശ്വാസനാളത്തിലും ശ്വാസകോശ സ്രവങ്ങളിലും വൈറസുകളുടെ എണ്ണം കുറവായിരുന്നു. എന്നാൽ മനുഷ്യരിൽ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലം കൂടി വന്നാൽ മാത്രമേ വാക്സിൻ ഫലപ്രദമാണെന്നു പറയാൻ സാധിക്കൂ. ആദ്യ ഫലം അടുത്തമാസം വ്യക്തമാകും.– ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി പ്രഫസർ സാറ ഗിൽബർട്ട് പറഞ്ഞു. മനുഷ്യനിലും പരീക്ഷണം വിജയിച്ചാൽ ലോകത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത ജനവിഭാഗങ്ങളിലും പരീക്ഷണം നടത്തും. അതിനു ശേഷമേ വ്യാവസായിക ഉൽപാദനം തുടങ്ങൂ. ഇന്ത്യ ഉൾപ്പെടെ ഈ ഗവേഷണത്തിൽ പങ്കാളിയാണ്.