കൊവിഡ്19 ന്റെ വ്യാപനത്തിനിടെ ഫിലിപ്പീൻസിൽ വൻനാശനഷ്ടമുണ്ടാക്കി വോംഗ്ഫോംഗ് കൊടുങ്കാറ്റ്.

കിഴക്കൻ ഫിലിപ്പീൻസിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകളെ അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ഉഷ്ണമേഖലാ കൊടുങ്കാറ്റായ വോംഗ്ഫോംഗ് വീശിയടിച്ചതിനെ തുടർന്ന് നിരവധി വീടുകൾ തകർന്നു. മദ്ധ്യ ദ്വീപായ സമറിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ നൂറുകണക്കിന് കെട്ടിടങ്ങളും വിളകളും മത്സ്യബന്ധന ബോട്ടുകളും നശിച്ചു. സമറിന് പുറമെ ലുസോണിന്റെ തെക്കേ അറ്റത്തുള്ള മാസ്ബേറ്റ് ദ്വീപിലും ക്യൂസോൺ പ്രവിശ്യയുടെ ചില ഭാഗങ്ങളിലും വോംഗ്ഫോംഗ് കനത്ത നാശം വിതച്ചു. ലുസോണിൽ മണിക്കൂറിൽ 70 മൈൽ വേഗതയിലാണ് കാറ്റ് വീശിയത്. "ഇത് ഏറെ സങ്കീർണമായ സാഹചര്യമാണ്. ഒരേ സമയം മഹാമാരിയേയും കൊടുങ്കാറ്റിനെയും നേരിടണം. അഭയാർത്ഥി കേന്ദ്രങ്ങളിൽ സാമൂഹിക സുരക്ഷയുറപ്പാക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു." മനിലയിലെ സിവിൽ ഡിഫൻസ് ഓഫീസ് വക്താവ് മാർക്ക് ടിമ്പാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. 12,305 പേർക്കാണ് ഇതുവരെയായി ഫിലിപ്പീൻസിൽ കൊവിഡ് വൈറസ് ബാധയേറ്റത്. 817 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു.