തിരുവനന്തപുരം: ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ച് ആട്ടോറിക്ഷകൾ നിരത്തിലിറക്കാൻ അനുവദിക്കണമെന്നും ഉത്തരേന്ത്യയിലെ സവാരി സമ്പ്രദായമല്ല കേരളത്തിലേതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോട്ടോർ തൊഴിലാളി ഫെഡറേഷന്റെയും ആക്ടെൽ (ഐ.എൻ.ടി.യു.സി) യൂണിയന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ നടന്ന പാട്ടകൊട്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആറു ലക്ഷത്തോളം ആട്ടോറിക്ഷാ തൊഴിലാളികളും രണ്ടു ലക്ഷത്തോളം ടാക്‌സി തൊഴിലാളികളും പട്ടിണിയിലാണെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.ആർ.പ്രതാപൻ അദ്ധ്യക്ഷനായിരുന്നു. വെട്ടുറോഡ് സലാം, വി.ലാലു,പുത്തൻപള്ളി നിസാർ, ആർ.എസ്.വിമൽകുമാർ, ചാരാച്ചിറ രാജീവ്, ജയൻ, സുനിൽകുമാർ, അനിൽ, ഫെഫീക് തുടങ്ങിയവർ പങ്കെടുത്തു.