ഹൈദരാബാദ് : അമ്മ ഹിന്ദുസ്ഥാനി, അച്ഛൻ പാകിസ്ഥാനി. ഇൗ കൊവിഡ് കാലത്ത് ഇവരിൽ ഒരാൾക്കൊപ്പം കഴിയാനേ ഇഷാന് യോഗമുള്ളൂ. പിതാവും പാകിസ്ഥാൻ ക്രിക്കറ്ററുമായ ഷൊയ്ബ് മാലിക്കിനെ രണ്ട് മാസമായി പിരിഞ്ഞിരിക്കുന്ന തന്റെ മകന്റെ സങ്കടം പങ്കുവയ്ക്കുകയാണ് ടെന്നിസ് താരം സാനിയ മിർസ.
കൊവിഡ് ഭീതിയുയർത്തിയപ്പോൾ, പ്രായമായ അമ്മയ്ക്ക് തുണയാകാൻ സിയാൽക്കോട്ടിലേക്ക് പോവുകയായിരുന്നു ഷൊയ്ബ്. സാനിയയും രണ്ടു വയസുള്ള ഇഷാനും ഹൈദരാബാദിലെ സാനിയയുടെ വീട്ടിലും. ഇനിയെന്ന് കുഞ്ഞിന് അച്ഛനെ കാണാനാകുമെന്ന ആശങ്ക ഫേസ്ബുക്ക് ലൈവിലാണ് സാനിയ പങ്കുവച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഹൃദയം തകർക്കുന്നെന്നും സാനിയ പറഞ്ഞു. ഇന്ത്യയിൽ ദിവസ വേതനക്കാരെ സഹായിക്കാൻ സാനിയയുടെ നേതൃത്വത്തിൽ 3.5 കോടിയോളം രൂപ ശേഖരിച്ചിരുന്നു.
‘കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടന്നപ്പോൾ എന്തെന്നില്ലാത്ത ആശങ്ക തോന്നി. ഇനിയെന്ത് എന്നു ചിന്തിച്ചപ്പോൾ വെപ്രാളമായി. കൊച്ചുകുഞ്ഞിന്റെ സുരക്ഷ നോക്കണം. സ്വയം ഒന്നും പറ്റാതെ നോക്കണം. പ്രായമായ മാതാപിതാക്കളെയും ശ്രദ്ധിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെന്നിസിനെക്കുറിച്ച് ചിന്തിക്കാനേ വയ്യ.’
– സാനിയ മിർസ