തിരുവനന്തപുരം മന്ത്രി എ.സി.മൊയ്തീന് ക്വാറന്റൈൻ വേണ്ടെന്ന് മെഡിക്കൽ ബോർഡ്. മന്ത്രി സുരക്ഷാമുൻകരുതൽ പാലിച്ചെന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. വാളയാർ ചെക്ക്പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കത്തെത്തുടർന്ന് ഹോം ക്വാറൈന്റൈൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രിക്കും യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ഹോം ക്വാറന്റൈൻ ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി.
യോഗത്തിൽ മന്ത്രി എ.സി. മൊയ്തീനും ജില്ലാ കളക്ടർ എസ്. ഷാനവാസും ഉൾപ്പെടെയുള്ളവർ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നതായും സാമൂഹിക അകലം പാലിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത, അപകടസാധ്യത കുറഞ്ഞ സെക്കണ്ടറി കോണ്ടാക്ട് വിഭാഗത്തിലാണ് ഇവർ പെടുക.
ഇതിനാൽ പ്രസ്തുത യോഗത്തിൽ പങ്കെടുത്തവരെല്ലാം മുഴുവൻ സമയവും സർജിക്കൽ മാസ്ക് ധരിക്കണമെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു. മേയ് 12 മുതൽ 26 വരെയാണിത് ബാധകം. പ്രാഥമിക സമ്പർക്കത്തിൽ വന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുകയോ പോസിറ്റീവാവുകയോ ചെയ്താൽ സെക്കണ്ടറി കോണ്ടാക്ടിലുള്ളവർ ഹോം ക്വാറന്റൈനിൽ പോകണമെന്നും നിർദേശിച്ചു.
ഇതിനുപുറമെ ടി.എന്‍.പ്രതാപന് എം.പിയുടെ ഓഫീസില്‍ നടന്ന പരിപാടി, ജനറല്‍ ആശുപത്രിയില്‍ നടന്ന നഴ്സസ് ദിനാഘോഷ പരിപാടി എന്നിവയില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ പോകുന്നതിനെക്കുറിച്ചും മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു. ഇതില്‍ പങ്കെടുത്തവരെല്ലാം കുറഞ്ഞ അപകട സാധ്യതയുള്ള ദ്വിതീയ സന്പര്ക്കപ്പട്ടികയിലാണ് ഉള്‍പ്പെടുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.