covid-

തിരുവനന്തപുരം : കൊവിഡ് സ്ഥിരീകരിക്കാനുള്ള പി.സി.ആർ കിറ്റുകൾക്ക് സംസ്ഥാനത്ത് കുറവില്ലെങ്കിലും, വരും ദിവസങ്ങളിലെ സാഹചര്യം നേരിടാൻ ഇത് മതിയാവില്ല. വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന ഉണ്ടായാൽ അത് നേരിടാൻ കൂടുതൽ മുൻകരുതൽ വേണം.

വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണമുള്ളവരെ ഉടനെയും അല്ലാത്തവർക്ക് ഏഴാം ദിവസവും പരിശോധന നിർബന്ധമാണ്.

നോർക്കയുടെ കണക്കനുസരിച്ച് ഈമാസം നാലുവരെ 4.13ലക്ഷം പേരാണ് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്ര ആരംഭിച്ചതോടെ ഇപ്പോൾ അതത് എംബസികൾ മുഖനേയാണ് രജിസ്ട്രേഷൻ. അഞ്ചു ലക്ഷത്തോളം പേർ ഇതിനകം നാട്ടിലെത്താൻ കാത്തു നിൽക്കുകയാണ്.

ഇതിനു പുറമേയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. ഇവരിൽ രോഗലക്ഷണമുള്ളവർ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആളുകൾ എത്താൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുള്ളത്.

സംസ്ഥാനത്തേക്ക് ആളുകൾ എത്താൻ തുടങ്ങിയ ഈ മാസം എട്ടു മുതൽ ഇന്നലെ വരെ 85 പേർക്ക് രോഗം ബാധിച്ചു.

ഒരു ലക്ഷം കിറ്റ്

അഞ്ചു കമ്പനികളിൽ നിന്നായി ഒരു ലക്ഷം ആർ.ടി.പി.സി.ആർ കിറ്റുകൾ

വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി. എൽ) കഴിഞ്ഞ ആഴ്ച ഓർഡർ നൽകി. ഈമാസം അവസാനത്തോടെ കിറ്റുകൾ എല്ലാം സ്റ്റോക്ക് ചെയ്യും. എട്ട് ലക്ഷം പേഴ്‌സണൽ പ്രോട്ടക്ടീവ് എക്യുമെന്റ് (പി.പി.ഇ) കിറ്റുകളും 9.6 ലക്ഷം എൻ 95മാസ്‌കുകളും ശേഖരിക്കും.

 സ്റ്റോക്ക് ഇങ്ങനെ

പി.സി.ആർ കിറ്റ് - 77469

ആർ.എൻ.എ കിറ്റ് - 94471

പി.പി.ഇ കിറ്റ് - 192391

എൻ.95 മാസക് - 188456

ട്രിപ്പിൾ ലെയർ മാസ്‌ക് - 2059053

 ഉപയോഗം

കരുതലോടെ


സംസ്ഥാനത്ത് ഒരാൾ കൊവിഡ് പോസിറ്റീവായാൽ തുടർ പരിശോധന ഏഴാം ദിവസമാണ് ഇപ്പോൾ നടത്തുന്നത്. നേരത്തെ ഇത് ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു. ഒന്നിടവിട്ട് നടത്തുമ്പോൾ കിറ്റുകൾ കൂടുതൽ ആവശ്യമായിരുന്നു. കൂടാതെ ഏഴ് ദിവസം ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പരിശോധന കൂടാതെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്ന കേന്ദ്ര നിർദേശവും നിലവിലുണ്ട്.

പൂൾ ടെസ്റ്റിംഗ് പ്രകാരം ഒാരോ വിഭാഗത്തിൽപ്പെട്ടവരുടെ സാമ്പിളുകൾ ചേർത്ത് പരിശോധിക്കുന്ന രീതിയും കിറ്റ് ഉപയോഗം കുറയ്ക്കാൻ സഹായിക്കും. അഞ്ചു പേരുടെ സാമ്പിൾ ചേർത്ത് പരിശോധിക്കുമ്പോൾ നെഗറ്റീവാണെങ്കിൽ ആർക്കും രോഗബാധയില്ലെന്ന് ഉറപ്പിക്കാം. പോസിറ്റീവ് കാണുന്ന പൂളിലുള്ളവരുടെ സാമ്പിൾ പ്രത്യേകം പരിശോധിച്ചാൽ മതിയാകും.