ന്യൂഡൽഹി: ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാനത്തൊഴിലാളികൾ സഞ്ചരിച്ച വാഹനങ്ങൾ അപകടത്തിൽപ്പെട്ട് യു.പിയിലും മദ്ധ്യപ്രദേശിലുമായി 31 മരണം. ഉത്തർപ്രദേശിലെ ഔരൈയിൽ ലോറികൾ കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തിൽ 24 പേർ മരിച്ചു. മദ്ധ്യപ്രദേശിൽ രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളിൽ ഏഴ് പേരാണ് മരിച്ചത്. ഔറംഗാബാദിൽ റെയിൽപ്പാതയിൽ ഉറങ്ങിക്കിടന്ന 16 അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിൻ ഇടിച്ച് മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് അടുത്ത അപകടം.
രാജസ്ഥാനിൽ നിന്ന് തൊഴിലാളികളെയും കയറ്റി വന്ന ലോറിയും ഡൽഹിയിലേക്ക് പോവുകയായിരുന്ന ചരക്ക് വാഹനവുമാണ് ഔരൈയിൽ വച്ച് അപകടത്തിൽപ്പെട്ടത്.
ദേശീയപാത 19ൽ ഇന്നലെ പുലർച്ചെ 3.30ടെയായിരുന്നു അപകടം. 24 പേർ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സെഫായിലെ പി.ജി.ഐ ആശുപത്രിയിലേക്ക് മാറ്റി. ബീഹാർ, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും യു.പി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
മദ്ധ്യപ്രദേശിലെ ബാണ്ടയിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച ട്രക്ക് മറിഞ്ഞാണ് അഞ്ച് പേർ മരിച്ചത്.
മഹാരാഷ്ട്രയിൽ നിന്ന് യു.പിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഗുണ ബെപ്പാസിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മറ്റ് 2 പേർ മരിച്ചത്.
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം റോഡ് - റെയിൽ അപകടങ്ങളിലായി 159 അന്യസംസ്ഥാന തൊഴിലാളികളാണ് രാജ്യത്ത് മരിച്ചത്.