ന്യൂഡൽഹി: ഇന്ത്യ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തുവച്ചുതന്നെ നിർമിക്കാൻ സാധിക്കുന്ന ആയുധങ്ങളുടെ ഇറക്കുമതിയാണ് ഇന്ത്യ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ 74 ശതമാനം വിദേശ നിക്ഷേപവും കേന്ദ്ര സർക്കാർ അനുവദിക്കും. നേരത്തെ 49 ശതമാനം വിദേശ നിക്ഷേപത്തിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.
ആയുധ നിർമാണത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ഈ നീക്കം ഗുണം ചെയ്യുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സ്വാശ്രയ ഭാരതം സാമ്പത്തിക പാക്കേജിന്റെ നാലാംഭാഗം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി. ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്താനും സമയബന്ധിതമായി അത് അവസാനിപ്പിക്കാനുമുള്ള നിർദേശങ്ങൾ നൽകുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവഴി ആയുധങ്ങൾ ഇറക്കുമതി ചെയ്യാനായി ഇന്ത്യ ചിലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാൻ സാധിക്കും. അവർ പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തിനായി ആയുധങ്ങൾ നിർമ്മിക്കുന്ന ഓർഡൻസ് ഫാക്ടറി ബോർഡ്(ഒ.എഫ്.ബി) കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിരവധി മേഖലകൾക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വളർച്ചയ്ക്ക് ഇത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം വന്നത്. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരങ്ങള്‍. സംസ്ഥാനങ്ങളിലെ നിക്ഷേപ സാദ്ധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കൽക്കരി-ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും ഇത്. ആദ്യ 50 ബ്ലോക്കുകളിൽ സ്വകാര്യവത്കരണം.