കൊച്ചി: കൊവിഡിനെ തുടർന്ന് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം നെടുമ്പാശ്ശേരിയിലെത്തി. വൈകിട്ട് 6.25ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 75 പേർ ഗർഭിണികളാണ്. ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനമാണിത്.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് എത്തിക്കുന്നത്. ചികിത്സ ആവശ്യമുള്ള 35 പേരും മുതിർന്ന പൗരൻമാരും യാത്രക്കാരിലുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ചികിത്സ നൽകാനായി ഡോക്ടർമാരും നഴ്‌സുമാരും വിമാനത്തിലുണ്ടായിരുന്നു. റാപ്പിഡ് ടെസ്റ്റ് നടത്തി കൊവിഡ് വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നൽകിയത്.