കോട്ടയം: പത്താം ക്‌ളാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനും മറ്റൊരാളും പൊലീസ് പിടിയിൽ. മാതാപിതാക്കളില്ലാത്ത സമയത്ത് പെൺകുട്ടിയുടെ സഹോദരങ്ങളുടെ സുഹൃത്തായ മണിമല കിഴക്കേക്കര രമേശ് എന്നയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയെ പീഡനത്തിന് ഇരയാക്കിയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2019 ജൂൺ മുതൽ 24കാരനായ സിറാജും പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലായിരുന്നു. ഇയാൾ കുമരകം, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ പെൺകുട്ടിയെ എത്തിച്ചാണ് പീഡനം നടത്തിയെതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ രമേശനെയും പെൺകുട്ടിയുടെ കാമുകനായ ആനക്കല്ല് നെല്ലിമല പുതുപ്പറമ്പിൽ സിറാജ് ജലീലിനെയും വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സഹോദരങ്ങളുമായുള്ള ബന്ധം മുതലെടുത്ത് വീടുമായി ബന്ധം സ്ഥാപിച്ച രമേശ് വീട്ടുകാരില്ലാത്ത സമയത്ത് അതിക്രമിച്ച് കയറുകയായിരുന്നു.
സംഭവമറിഞ്ഞ പെൺകുട്ടിയുടെ അമ്മയാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രമേശൻ. ഇയാൾക്കെതിരേ കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകൾ വിവിധ സ്റ്റേഷനുകളിലുണ്ടെന്ന് പൊലീസ് വിശദമാക്കി. ഇയാൾ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.