നാസ:ഒൻപത് വർഷങ്ങൾക്ക് ശേഷം അമേരിക്ക സ്വന്തം മണ്ണിൽ നിന്ന് ബഹിരാകാശ മനുഷ്യദൗത്യത്തിന് ഒരുങ്ങുന്നു. ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെയാണ് മനുഷ്യ ദൗത്യം. സ്വകാര്യ സ്പേസ് ടെക്നോളജി കമ്പനിയായ സ്‌പേസ് എക്സ് ആണ് നാസയുമായി സഹകരിക്കുന്നത്. ആവർത്തിച്ച് ഉപയോഗിക്കാവുന്ന മനുഷ്യ പേടകം ( ക്രൂ ഡ്രാഗൺ ) ആണ് ദൗത്യത്തിന്റെ പ്രത്യേകത.
2011ലാണ് അമേരിക്ക അവസാനം സ്വന്തം മണ്ണിൽ നിന്ന് വിക്ഷപണം നടത്തിയത്
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ ഈ മാസം 27ന് നടത്തുന്ന വിക്ഷേപണത്തിൽ രണ്ട് അമേരിക്കൻ സഞ്ചാരികളെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്‌ക്കും. ബോബ് ബെൻകൻ, ഡഗ്ലസ് ജി. ഹർലി എന്നിവരാണ് സഞ്ചാരികൾ. 28ന് പേടകം ബഹിരാകാശ നിലയത്തിൽ സന്ധിക്കും
ഡെമോ - 2 എന്നാണ് ദൗത്യത്തിന്റെ പേര്. വിക്ഷേപണത്തിനുള്ള ഫാൽക്കൺ -9 റോക്കറ്റും അതിൽ ഘടിപ്പിക്കുന്ന ക്രൂ ഡ്രാഗണും രൂപകൽപ്പന ചെയ്‌ത് നിർമ്മിച്ചത് സ്പേസ് എക്സ് ആണ്.
സഞ്ചാരികളുമായി തിരികെ ഭൂമിയിൽ ഇറങ്ങുന്ന ക്രൂ ഡ്രാഗൺ തുടർച്ചയായി പത്ത് ദൗത്യങ്ങൾക്ക് ഉപയോഗിക്കാം.അതിന് ശേഷം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാം.
ബഹിരാകാശ നിലയത്തിലേക്ക് ചരക്ക് കൊണ്ടുപോകാൻ ഡ്രാഗൺ എന്ന കാർഗോ പേടകവും സ്പേസ് എക്‌സ് നിർമ്മിച്ചിട്ടുണ്ട്. 2012ൽ ചരക്കുമായി പോയ ഡ്രാഗൺ ബഹിരാകാശ നിലയവുമായി സന്ധിച്ചിരുന്നു. അതോടെ സ്വകാര്യ മേഖലയിൽ ആദ്യത്തെ ബഹിരാകാശ ദൗത്യം നടത്തിയ റെക്കാഡ് സ്പേസ് എക്‌സ് സ്വന്തമാക്കി.
ക്രൂ ഡ്രാഗൺ
@സ്പേസ് എക്സിന്റെ ബഹിരാകാശ മനുഷ്യ പേടകം
@നീളം 20.4 അടി
@വിക്ഷേപണ ഭാരം 12,000 കിലോഗ്രാം
@ഭ്രമണപഥത്തിൽ 6,000 കിലോഗ്രാം
@ ഏഴ് സഞ്ചാരികൾക്ക് ഇരിക്കാം
@2019 മാർച്ച് 2ന് ക്രൂ ഡ്രാഗൺ ഫാൽക്കൺ 9 റോക്കറ്റിൽ പരീക്ഷണാർത്ഥം വിക്ഷേപിച്ചു
@ സെൻസറുകൾ ഘടിപ്പിച്ച റിപ്ലി എന്ന ഡമ്മി സഞ്ചാരിയെ പേടകത്തിൽ 'ഇരുത്തി'.
@മാർച്ച് 3ന് ക്രൂ ഡ്രാഗൺ ബഹിരാകാശ നിലയത്തിൽ സ്വയം ഡോക്ക് ചെയ്‌തു
@മാർച്ച് 8ന് പേടകം ഡമ്മിസഞ്ചാരിയുമായി ഭൂമിയിൽ തിരിച്ചെത്തി
@ശക്തമായ റിവേഴ്‌സ് റോക്കറ്റ് എൻജിൻ ജ്വലിപ്പിച്ച് പാരച്യൂട്ടും വിടർത്തി വേഗത കുറച്ചാണ് ലാൻഡിംഗ്
@ഭൂമിയിൽ നാല് കാലിൽ നിൽക്കും
@കെന്നഡി സ്പേസ് സെന്ററിലാണ് വിക്ഷേപണം
@മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ റോക്കറ്റ് കുതിക്കും
@ 24 മണിക്കൂറിൽ പേടകം ബഹിരാകാശ നിലയത്തിൽ സ്വയം സന്ധിക്കും (ഡോക്കിംഗ് )
@ സഞ്ചാരികൾ ടെസ്‌ലയിൽ
സ്പേസ് എക്‌സ് സ്ഥാപകനായ ഇലോൺ മസ്‌കിന്റെ തന്നെ സൃഷ്‌ടിയായ ടെസ്‌ലയുടെ മോഡൽ എക്സ് ഇലക്‌ട്രിക് കാറിലായിരിക്കും സഞ്ചാരികളെ വിക്ഷേപണ പേടകത്തിലേക്ക് കൊണ്ടു പോകുന്നത്. നാസയുടെ സഞ്ചാരികൾ ആദ്യമായാണ് ഒരു കാറിൽ വിക്ഷേപണത്തറയിലേക്ക് പോകുന്നത്.