covid-

കാഞ്ഞങ്ങാട് : കാസർകോട്ട് കൊവിഡ് സ്ഥിരീകരിച്ച് പൊതുപ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനെതുടർന്ന് ക്വാറന്റൈനിൽ പോയ ഡോക്ടർ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയതായി പരാതി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡ‌ോക്ടർക്കെതിരെയാണ് ആരോപണം ഉയർന്നത്. കാഞ്ഞങ്ങാട് ടൗണിലുള്ള സ്വകാര്യ ക്ലിനിക്കിൽ ക്വാറന്റൈനിലായി രണ്ടുദിവസത്തിന് ശേഷം ഡോക്ടർ ചികിത്സ നടത്തിയെന്നാണ് ആരോപണം. എന്നാൽ വിവരം പുറത്തറിഞ്ഞതോടെ പരിശോധന നിറുത്തി ഉച്ചയ്ക്ക് രണ്ടരയോടെ ഡോക്ടർ മുങ്ങിയതായാണ് വിവരം. ഈ സമയം അഞ്ചാറൂപേർ‌ കൂടിയേ പരിശോധനയ്ക്കായി ബാക്കിയുണ്ടായിരുന്നുള്ളൂ.

മഹാരാഷ്ട്രയിൽ നിന്നുള്ള ബന്ധുവിനെ സി.പി.എം പ്രാദേശിക നേതാവും ഭാര്യയായ പഞ്ചായത്ത് അംഗവും നാട്ടിലേക്ക് അനധികൃതമായി എത്തിച്ചിരുന്നു. തുടർന്ന് ഇവർ ബന്ധുവുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു. ഇവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് ജില്ലാ ആശുപത്രിയിൽ ഇവരുമായി സമ്പർക്കമുണ്ടായവരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിരുന്നു. ഇവരിൽ സ്വകാര്യ ക്ലിനിക്കിൽ പരിശോധന നടത്തിയ ഡോക്ടറും ഉൾപ്പെട്ടിരുന്നു.

എന്നാൽ ക്വാറന്റൈനിലായിരുന്ന ഡോക്ടർ ചികിത്സ നടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.